ടൊറന്റോ പാര്‍ക്കില്‍ അഞ്ച് വയസ്സുള്ള കുട്ടിയുടെ മുടിയില്‍ പിടിച്ച് പൊക്കിയ പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുന്നു 

By: 600002 On: May 14, 2022, 6:48 AM

 

ടൊറന്റോ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുള്ള കുട്ടിയുടെ മുടിയില്‍ പിടിച്ച് പൊക്കിയ സംഭവത്തില്‍ പ്രതിയ്ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് ഗ്രെഞ്ച് പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അജ്ഞാതന്‍ മുടിയില്‍ പിടിച്ച് പൊക്കി എന്ന പരാതി ലഭിച്ചതെന്ന് പോലീസ് പറയുന്നു. 

കുട്ടിയുടെ നിലവിളി കേട്ട്  പാര്‍ക്കിലുണ്ടായിരുന്നവര്‍ അടുത്തെത്തിയപ്പോഴേക്കും അജ്ഞാതന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ക്യൂന്‍ സ്ട്രീറ്റ് വെസ്റ്റ് ഭാഗത്തേക്ക് നടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. 

ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ച് പ്രതി 25 നും 35 നും ഇടയില്‍ പ്രായം തോന്നിക്കുന്നയാളാണ്. പൊക്കം കുറഞ്ഞ് ഷേവ് ചെയ്യാത്ത മുഖമാണ്. കറുത്ത ഷര്‍ട്ട്, ചുരുട്ടികയറ്റിയ നിലയിലുള്ള കറുത്ത ജീന്‍സ്, ചുവന്ന ഷൂസ് എന്നിവയാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 416-808-5200 എന്ന നമ്പറില്‍  ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.