ഡെല്‍ഹിയില്‍ വന്‍ തീപിടുത്തം: 27 മരണം 

By: 600002 On: May 14, 2022, 6:23 AM

 

പശ്ചിമ ഡെല്‍ഹിയിലെ മുണ്ട്ക മെട്രോ സ്‌റ്റേഷന് സമീപമുള്ള നാല് നില കെട്ടിടത്തിന് തീപിടിച്ച് 27 പേര്‍ വെന്തുമരിച്ചു. നാല്‍പ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. എഴുപതോളം പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇരുപതിലേറെ സ്വകാര്യ കമ്പനി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് വന്‍ തീപിടുത്തമുണ്ടായത്. 

കെട്ടിടത്തിന് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്. പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതിരുന്നവര്‍ മുകള്‍ നിലയിലേക്ക് കയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് മുകള്‍ നിലയിലേക്ക് കയറാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്. 

അപകടത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സിസിടിവി ക്യാമറകളും വൈഫൈ റൂട്ടറുകളും നിര്‍മിക്കുന്ന കമ്പനിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഓഫീസിലുണ്ടായിരുന്ന 50 ലേറെ ജീവനക്കാരെ രക്ഷപ്പെടുത്തി. കമ്പനിയുടമകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.