മിസിസാഗയില്‍ യുവാവ് കാറിടിച്ച് കൊല്ലപ്പെട്ട സംഭവം: കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു 

By: 600002 On: May 14, 2022, 6:05 AM

 

കഴിഞ്ഞ ഡിസംബറില്‍ മിസിസാഗയില്‍ വെച്ച് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഷ് തര്‍മകുലസിങ്കം(35) ആണ് കാറിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ ലൂക്ക് കോണ്‍ക്ലിന്നിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

2021 ഡിസംബര്‍ 17 നാണ് അപകടം നടന്നത്. രാത്രി 9.15 ഓടെ ഡിക്‌സി റോഡിന് പടിഞ്ഞാറ് ഭാഗത്തായി ഡുണ്ടാസ് സ്ട്രീറ്റിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ സുരേഷിനെ എസ്‌യുവി കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പീല്‍ റീജിയണല്‍ പോലീസ് പറയുന്നതനുസരിച്ച്, റെസ്‌റ്റോറന്റില്‍ പോയി തിരികെ, റോഡിന് എതിര്‍വശത്തെ ഗ്യാസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രാക്ടര്‍ ട്രെയിലറിലേക്ക് നടക്കുകയായിരുന്നു സുരേഷ് തര്‍മകുലസിങ്കം. ഇതിനിടയില്‍ 2008-2012 മോഡല്‍ ബ്ലാക്ക് ഫോര്‍ഡ് എസ്‌കേപ്പ് എസ്‌യുവി ഇടിക്കുകയായിരുന്നു. 

തര്‍മകുലസിങ്കത്തെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമായിരുന്നതിനാല്‍ ചികിത്സയില്‍ കഴിയവെ ഡിസംബര്‍ 24 ന് സുരേഷ് മരണത്തിന് കീഴടങ്ങി.

സംഭവത്തിനു ശേഷം ടൊറന്റോ പോലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ മെയ് 12 ന് പ്രതിയായ ലൂക്ക് കോണ്‍ക്ലിന്നിനെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടൊറന്റോയില്‍ താമസിക്കുന്ന ലൂക്ക് കോണ്‍ക്ലിന്നിനെതിരെ കൊലപാതക കുറ്റത്തിനും വാഹനം നിര്‍ത്താതെ പോയതിനും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ജൂലൈ 25 ന് ബ്രാംപ്ടണ്‍ കോടതിയില്‍ ഹാജരാക്കും.