മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയക്കാനുള്ള തയാറെടുപ്പിലാണ് ശാസ്ത്രലോകം. ചന്ദ്രനില്‍ പുതിയ പുതിയ പര്യവേഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു വിപ്ലവം നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ചന്ദ്രനിലെ മണ്ണില്‍ ചെടികള്‍ വളരുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് പൂര്‍ണ വിജയമാവുകയാണെങ്കില്‍ അധികം വൈകാതെ ചന്ദ്രനില്‍ കൃഷി ചെയ്യാമെന്നത് യാഥാര്‍ത്ഥ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
50 വര്‍ഷങ്ങള്‍ക്കു മുമ്പേ അപ്പോളോ 11,12,17 ദൗത്യത്തിലൂടെ ചന്ദ്രനില്‍ നിന്നും കൊണ്ടുവന്ന മണ്ണിലാണ് സസ്യങ്ങള്‍ നട്ട് വളര്‍ത്തി അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുന്നത്. ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് സസ്യം വളര്‍ത്തിയെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് കമ്യൂണിക്കേഷന്‍സ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലൂണാര്‍ റിഗോലിത്ത് എന്നാണ് ചന്ദ്രനിലെ മണ്ണ് അറിയപ്പെടുന്നത്. യൂറേഷ്യയിലും ആഫ്രിക്കയിലും കണ്ടുവരുന്ന അര്ബിഡോപിസ് താലിയാന എന്ന ചെടിയാണ് ചാന്ദ്രമണ്ണില്‍ വളര്‍ത്തിയെടുത്തത്.
ഓരോ ചെടിക്കും ഒരു ഗ്രാം റിഗോലിത്ത് വീതമാണ് നല്‍കിയത്. മണ്ണില്‍ വിത്തുകളിട്ട് വെള്ളവും വളവും നല്കി ട്രേകള്‍ ടെറാറിയെ ബോക്സിലാക്കി ഒരു മുറിയില്‍ സൂക്ഷിക്കുകയായിരുന്നു. രണ്ട് ദിവസം കൊണ്ട് വിത്ത് മുളയ്ക്കാന്‍ ആരംഭിച്ചെന്നും 20 ദിവസത്തിനു ശേഷം നടത്തിയ ആര്‍എന്‍എ പരിശോധനയില്‍ വരണ്ട ഇടങ്ങളില്‍ അര്ഡബിഡോപ്സിനുണ്ടാവുന്ന ആര്‍എന്‍എ യ്ക്ക് സമാനമാണ് പരീക്ഷണത്തിലൂടെ വളര്‍ത്തിയെടുത്ത ആര്‍എന്‍എ എന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ഈ കണ്ടുപിടുത്തം ചാന്ദ്രപര്യവേഷണങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിവെക്കുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു.