നിയമസഭയില്‍ വെച്ച് കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി ബീസി എംഎല്‍എ

By: 600002 On: May 13, 2022, 12:23 PM

 

ബീസി നിയമസഭയില്‍ ജനശ്രദ്ധയാകര്‍ഷിച്ച ഒരു ദിവസമായിരുന്നു ബുധനാഴ്ച. സംവാദങ്ങള്‍ക്കും ചോദ്യോത്തരങ്ങള്‍ക്കും എംഎല്‍എമാരുടെ വാക്കുതര്‍ക്കങ്ങള്‍ക്കും സാക്ഷിയാകുന്ന നിയമസഭയില്‍ അസാധാരണമായ സംഭവമാണ് ബുധനാഴ്ച നടന്നത്. കോക്വിറ്റ്‌ലാം-പോര്‍ട്ട് മൂഡി എംഎല്‍എ റിക്ക് ഗ്ലൂമാക്ക് നിയമസഭയിലെ ഗ്യാലറിയില്‍ നിന്നും സമ്മേളനം വീക്ഷിച്ചിരുന്ന യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി നിയമസഭാംഗങ്ങളെയും മറ്റുള്ളവരെയും അത്ഭുതപ്പെടുത്തി. 

ഹാവന്‍ ലുര്‍ബിക്കി എന്ന യുവതിയോടാമ് ഗ്ലൂമാക്ക് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കാമോ എന്ന ഗ്ലൂമാക്കിന്റെ ചോദ്യത്തിന് കരഘോഷങ്ങള്‍ മുഴക്കി നിയമസഭാംഗങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു. 

മുമ്പ് കുറെ തവണ നിയമസഭയില്‍ സമ്മേളനം നടക്കുമ്പോള്‍ ഗ്ലൂമാക്ക് ക്ഷണിച്ചപ്പോള്‍ പോയിട്ടുണ്ടെന്നും എന്നാല്‍ ഗ്ലൂമാക്ക് ഇത്തരത്തില്‍ ഒരു പ്രൊപ്പോസല്‍ നടത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് യാദൃശ്ചികമാണെന്നും  ലുര്‍ബിക്കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാല് വര്‍ഷം മുമ്പ് പോര്‍ട്ട് മൂഡിയില്‍ വെച്ചാണ് തങ്ങള്‍ കണ്ടുമുട്ടിയതെന്ന് ഗ്ലൂമാക്ക് പറഞ്ഞു. രാഷ്ട്രീയത്തോടുള്ള താല്‍പ്പര്യമാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നും ഇതാണ് നിയമസഭ പ്രൊപ്പോസല്‍ സ്ഥലമായി തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഗ്ലൂമാക്ക് ചൂണ്ടിക്കാട്ടി. 

പ്രീമിയര്‍ ജോണ്‍ ഹോര്‍ഗണ്‍ ട്വിറ്ററിലൂടെ ഇരുവര്‍ക്കും ആശംസകളറിയിച്ചു.