തെക്ക്, വടക്കേ അമേരിക്കയിലും ആഫ്രിക്കയിലുമൊഴികെ ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. നിലവിലെ കോവിഡ് സാഹചര്യം വിശദീകരിച്ചുകൊണ്ടുള്ള അവലോകന യോഗത്തിലാണ് ഡബ്ല്യുഎച്ച്ഒ വിലയിരുത്തല്‍ നടത്തിയത്. കോവിഡ് മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചത് യൂറോപ്പിലാണ്. രണ്ട് ദശലക്ഷം പേരാണ് യൂറോപ്പില്‍ കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് കണക്കുകള്‍.
ചൊവ്വാഴ്ച പുറത്തിറക്കിയ പ്രതിവാര കോവിഡ് റിപ്പോര്‍ട്ട് പ്രകാരം, ആഗോളതലത്തില്‍ ഏകദേശം 3.5 മില്യണ്‍ പുതിയ കേസുകളും 25,000ത്തിലധികം മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് യഥാക്രമം 12 ശതമാനം, 25 ശതമാനം എന്നിങ്ങനെ കുറവ് രേഖപ്പെടുത്തുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
തെക്കന്‍ അമേരിക്കയിലും വടക്കന്‍ അമേരിക്കയിലും ആഫ്രിക്കയിലും കോവിഡ് കേസുകളില്‍ വര്‍ധനവാണ് കാണിക്കുന്നത്. യഥാക്രമം 14 ശതമാനം, 12 ശതമാനം എന്നിങ്ങനെയാണ് കോവിഡ് കേസുകളുടെ വര്‍ധന. പടിഞ്ഞാറന്‍ പസഫിക്കില്‍ കേസുകള്‍ സ്ഥിരമായി തുടരുകയാണ്. മറ്റെല്ലായിടങ്ങളിലും കുറവ് രേഖപ്പെടുത്തുകയുമാണ് ചെയ്തതെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
അതേസമയം, കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്നും 50 ല്‍ അധികം രാജ്യങ്ങളില്‍ വൈറസ് ബാധിതരുടെ വര്‍ധന ഈ വൈറസിന്റെ അസ്ഥിരത എടുത്തുകാണിക്കുന്നതായും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് കഴിഞ്ഞയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒമിക്രോണ്‍, പ്രത്യേകിച്ച് ബിഎ.4, ബിഎ.5 എന്നിവ ദക്ഷിണാഫ്രിക്കയിലെ വൈറസ് ബാധയ്ക്ക് കാരണമാകുന്നു, അതേസമയം ബിഎ.2 ലോകമെമ്പാടും ഇപ്പോഴും പ്രബലമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. 'മുന്‍ തരംഗങ്ങളില്‍ കണ്ടതുപോലെ രോഗം തീവ്രമാകുന്ന അവസ്ഥയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യവും മരണങ്ങളും വേഗത്തില്‍ കൂടുന്നില്ല. വാക്‌സിനേഷനും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതുമാണ് ഇതിന് കാരണം. എന്നാല്‍, വാക്‌സിനേഷന്‍ കവറേജ് കുറവുള്ള സ്ഥലങ്ങളില്‍ ഇത് സംഭവിക്കുന്നില്ല', അദ്ദേഹം പറഞ്ഞു.