ഒന്റാരിയോയില്‍ ലൈസന്‍സ് പ്ലേറ്റ് പുതുക്കല്‍, ഫീസ് ഒഴിവാക്കിയതിനു ശേഷവും നിലനില്‍ക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഒന്റാരിയോയിലെ ഒരു ഡ്രൈവര്‍. ലൈസന്‍സ് പ്ലേറ്റ് പുതുക്കല്‍ നിയമപ്രകാരം 495 ഡോളര്‍ പിഴയായി ഇദ്ദേഹത്തിന് അടയ്ക്കേണ്ടി വന്നു. ഏപ്രിലില്‍ കാലഹരണപ്പെട്ട ലൈസന്‍സ് പ്ലേറ്റുമായി ക്യുബെക്കിലെ ഗാറ്റിനോയില്‍ വാഹനമോടിക്കുന്നതിനിടയിലാണ് 489 ഡോളര്‍ പിഴ ചുമത്തിയതെന്ന് ബ്രാംപ്ടണില്‍ താമസിക്കുന്ന മത്യാസ് റൂസ്സോ പറയുന്നു. പ്രവിശ്യാ ഫീസും സ്റ്റിക്കര്‍ റിക്വയര്മെന്റും ഒഴിവാക്കിയപ്പോള്‍ ലൈസന്‍സ് പ്ലേറ്റ് പുതുക്കലും ഇനി ആവശ്യമില്ലെന്നാണ് കരുതിയതെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് മാസത്തില്‍ ഫീസും സ്റ്റിക്കറും പ്രവിശ്യ സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. ഈ മാറ്റം ഒന്റാരിയോ ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 120 ഡോളര്‍ ലാഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. അതേസമയം, ഫീസ് ഒഴിവാക്കിയെങ്കിലും പ്രവിശ്യയിലെ ജനങ്ങള്‍ ലൈസന്‍സ് പ്ലേറ്റുകള്‍ പുതുക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
വാഹന ഉടമകള്‍ തങ്ങളുടെ വാഹന ഇന്‍ഷുറന്‍സ് സാധുതയുള്ളതാണെന്ന് സ്ഥിരീകരിക്കുന്നതിനും വീഴ്ച വരുത്തിയ ഫീസുകളോ പിഴകളോ ടോളുകളോ അടയ്ക്കുന്നതിന് ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ലൈസന്‍സ് പ്ലേറ്റ് പുതുക്കേണ്ടത് അത്യാവശ്യമാണെന്നും ഗതാഗത മന്ത്രാലയം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കാലഹരണപ്പെട്ട ലൈസന്‍സ് പ്ലേറ്റുകള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് നടപടിയെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.