രാജ്യത്തിന്റെ പല ഭാഗങ്ങളും ഉഷ്ണതരംഗ ഭീഷണിയിലാണ് ഇപ്പോള്‍. ഈ സാഹചര്യത്തെ നേരിടാന്‍ സ്കൂളുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രാലയം. ചൂട് ക്രമാതീതമായി ഉയരുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്കൂളുകള്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം പരിഗണിച്ച് സ്കൂള്‍ സമയം കുറയ്ക്കുക, വിശ്രമിക്കാന്‍ സമയം അനുവദിക്കുക, ടൈ ഒഴിവാക്കുക തുടങ്ങി വിവിധ തരത്തിലുള്ള ഇളവുകള്‍ സ്കൂളുകള്‍ അനുവദിക്കണം എന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സ്കൂളുകള്‍ക്ക് യൂണിഫോം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താം, തുകല്‍ ഷൂകള്‍ക്ക് പകരം ക്യാന്‍വാസ് ഷൂസ് ധരിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാം. സ്കൂളുകള്‍ രാവിലെ 7 മണി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരിട്ട് സൂര്യപ്രകാശം ഏല്ക്കാന് ഇടയുള്ള കാര്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തുക. ഇതിനായി കായികപരിപാടികളും സ്കൂളിന് പുറത്തുള്ള പ്രവര്‍ത്തനങ്ങളും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.