വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ മൂലം ബേബി ഫോര്‍മുലകള്‍ തിരിച്ചുവിളിക്കുന്നത് കാനഡയിലും യുഎസിലും ബേബി ഫോര്‍മുല ക്ഷാമത്തിന് കാരണമാകുന്നു. ക്ഷാമം പ്രധാന കനേഡിയന്‍ റീട്ടെയ്‌ലര്‍മാരെയും സാരമായി ബാധിച്ചിട്ടുണ്ട്. മാതാപിതാക്കളും ആശങ്കയിലാണ്.
ബേബി ഫോര്‍മുല വിതരണവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ വര്‍ഷങ്ങളായി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് വാള്‍മാര്‍ട്ട് കാനഡ പ്രസ്താവനയില്‍ പറയുന്നു. ഈ വെല്ലുവിളികള്‍ക്കിടയിലും സ്റ്റോറിലും ഓണ്‍ലൈനിലുമായി വിവധ ബ്രാന്‍ഡുകളിലുള്ളതും കോണ്‍സെന്‍ട്രേറ്റ്, പൗഡര്‍, റെഡി-ടു-ഫീഡ് ഫോര്‍മാറ്റുകളിലുള്ളതുമായ ബേബി ഫോര്‍മുലകളുടെ വിതരണം ശക്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വാള്‍മാര്‍ട്ട് അറിയിച്ചു. പ്രധാന യുഎസ് നിര്‍മാണ കമ്പനിയില്‍ നിന്നും ലോബ്‌ലോ ബേബിഫോര്‍മുലയുടെ ക്ഷാമം നേരിടുന്നുണ്ട്. എങ്കിലും മറ്റ് വെണ്ടര്‍മാരില്‍ നിന്നും വിതരണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
ബേബി ഫോര്‍മുല ക്ഷാമം നേരിടുന്നതിനായി കുഞ്ഞുങ്ങള്‍ക്ക് കൂടുതലായി മുലപ്പാല്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുക, ഖര രൂപത്തിലുള്ള ഭക്ഷണം നല്‍കുന്നത് വര്‍ധിപ്പിക്കുക എന്നിവ മാതാപിതാക്കള്‍ ചെയ്യേണ്ടതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.