ആര്‍ത്തവ അവധി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമായി സ്‌പെയിന്‍ 

By: 600002 On: May 13, 2022, 6:41 AM

 

സ്ത്രീകള്‍ക്ക് ഏറെ സന്തോഷം തരുന്ന വാര്‍ത്തയാണ് സ്‌പെയിനില്‍ നിന്നും വരുന്നത്. ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കാന്‍ തയാറായിരിക്കുകയാണ് സ്പാനിഷ് സര്‍ക്കാര്‍. മിക്ക സ്ത്രീകളുടെയും ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിനങ്ങളാണ് ആര്‍ത്തവ നാളുകള്‍. ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്കാണെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഏറും. സ്ത്രീകളുടെ ഈ അവസ്ഥ മനസിലാക്കിയാണ് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവാവധി നല്‍കാന്‍ സ്പാനിഷ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

അടുത്തയാഴ്ച ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആര്‍ത്തവാവധി നല്‍കുന്ന പാശ്ചാത്യ രാജ്യമാകും സ്‌പെയിന്‍. ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്‍ഡോനേഷ്യ, സാംബിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം തന്നെ ആര്‍ത്തവാവധി അനുവദിച്ചിട്ടുണ്ട്. 

അടുത്ത ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പാസാക്കാനിരിക്കുന്ന പുതിയ നിയമപ്രകാരം പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡുകള്‍ സ്‌കൂള്‍ അധികൃതര്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇതുകൂടാതെ ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് അവധി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.