2018.
ജോലിയും പഠനവും ഏകാന്തവാസവുമായി അങ്ങേയറ്റം വിരസമായ എന്റെ ദിനങ്ങളിൽ ഒരു യാത്ര വന്നു ഭവിച്ചു. നാട്ടുകാരായ ലിജോയ്ക്കും ഷെറിക്കുമൊപ്പം ആൽബർട്ട പ്രൊവിൻസിലെ മലനിരകളിൽ ബാൻഫ്/ജാസ്പർ പ്രദേശത്ത് പോകാനുള്ള അവസരം. ബന്ധുക്കളായ ഞങ്ങൾ മൂവരും 2014-15 കാലയളവിൽ ടൊറന്റോയിൽ ഒരുമിച്ചുണ്ടായിരുന്നു, പിന്നീട് വഴി പിരിഞ്ഞു. ലിജോ ആൽബർട്ടയിൽ, ഷെറി മാനിറ്റോബയിൽ, ഞാൻ ബ്രിട്ടീഷ് കൊളംബിയയിൽ. തമ്മിൽ കാണുന്നത് വർഷങ്ങളുടെ ഇടവേളയിലായി, നാട്ടിൽ പോയാലും കണ്ടു മുട്ടാതായി.
അങ്ങനെയിരിക്കെ മേയ് മാസത്തിൽ അവരെന്നെ ഒരു യാത്രക്ക് നിർബന്ധിക്കുന്നു. സൂത്രധാരൻ ഷെറി. ഒഴിഞ്ഞു മാറാനായില്ല, പോയില്ലെങ്കിൽ ഉറക്കമുണ്ടാകില്ല. ചില വിളികളോട് നേരം കളയാതെ പ്രതികരിക്കേണ്ടതുണ്ട്. എല്ലാ പ്രശ്നങ്ങളും തീർത്തിട്ട് യാത്ര ചെയ്യാനുള്ള സമയം ആരും കണ്ടെത്താൻ പോകുന്നില്ല. വടക്കേ അമേരിക്കയിൽ റോക്കീസ് എന്നറിയപ്പെടുന്ന മലനിരകളുടെ കാനഡ ഭാഗത്ത് അഞ്ച് നാഷണൽ പാർക്കുകൾ. അതിലേറ്റവും ചേതോഹരമാണ് ബാൻഫും ജാസ്പറും. പോകേണ്ട വഴിയുടെ രേഖാചിത്രം ഷെറി അയച്ചു തന്നു.
മേയ് 11-ന് പുലർച്ചെ സ്ക്കൈട്രെയിനിൽ പസഫിക് സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി ഗ്രേഹൗണ്ട് ബസിൽ ആബട്ട്സ്ഫോർഡ് എയർപോർട്ടിലേക്ക്. വിമാനം പുറപ്പെടാൻ ഇനിയും സമയമുണ്ട്. ഡാൻ ബ്രൗണിന്റെ പുതിയ ത്രില്ലർ ഒറിജിൻ പുറത്തെടുത്ത് വായന തുടങ്ങി, ആരംഭം കൊള്ളാം. ആദ്യ റിവ്യൂ മോശമായിരുന്നു, പക്ഷേ നോവൽ മെല്ലെ കത്തിക്കയറുന്നു. രചനാ ശൈലിയിൽ പുതുമയില്ലെങ്കിലും ഡാൻ ബ്രൗൺ ഇപ്പോഴും വിരസതയുണ്ടാക്കുന്നില്ല. കാത്തിരിപ്പിന്റെ മുഴിച്ചിലകറ്റാൻ പഞ്ചാബി സഹയാത്രികർ നിലത്തിരുന്ന് ചീട്ട് കളി തുടങ്ങി, രണ്ടു മണിക്കൂർ കടന്നുപോയി. ഫ്ളെയർ എയർ വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിനു ശേഷം ആൽബർട്ടയിലെ എഡ്മണ്ടനിൽ ഇറങ്ങി. ഷെറിയും ലിജോയും ഭാര്യ ലീഷ്മയും സ്വീകരിക്കാനെത്തിയിട്ടുണ്ട്. ഷെറി വിന്നിപെഗിൽ നിന്ന് തലേന്നാൾ എത്തി. അവരോടൊപ്പം ലിജോയുടെ അപാർട്മെന്റിൽ വീട്ടിൽ ഉച്ചഭക്ഷണം. വൈകുന്നേരം ഞങ്ങൾ മൂവരും അടുത്തുള്ള ഒരു തടാകക്കരയിൽ നടക്കാനിറങ്ങി, തിരിച്ചു വന്ന് ബിയർ നുകർന്നു. നാളെയാണ് യാത്ര, അതിരാവിലെ പോകണം.
നേരം പുലർന്നു, നീണ്ടു കിടക്കുന്ന പാത. ലിജോയുടെ നിസാൻ റോഗ് നൂറു കിലോമീറ്ററിൽ പറന്നു. മേമ്പൊടിക്ക് ഗൃഹാതുരത്വം ഉണർത്തുന്ന സംഗീതം. എഡ്മണ്ടൻ നഗരക്കാഴ്ചകളും, നഗരത്തിനു പുറത്തെ എണ്ണ നിക്ഷേപമുള്ള പുൽമേടുകളും സുന്ദരമല്ല, പക്ഷേ ഈ പ്രവിശ്യ അതിന്റെ മാന്ത്രികത മുഴുവൻ ഒളിപ്പിച്ചു വച്ചിരിക്കുന്നത് മലനിരകളിലാണ്.
കാൽഗരി നഗരം പിന്നിട്ടതോടെ ചിത്രം മാറാൻ തുടങ്ങി, അകലെ മലകൾ കാണാം. ബാൻഫും ജാസ്പറും ഭൂമിയിലെ ഏറ്റവും സുന്ദരമായ ഇടങ്ങളിൽ ഉൾപ്പെടും. വടക്കൻ അമേരിക്കൻ ഭൂഖണ്ഡത്തിലെ ദേശീയോദ്യാനങ്ങളിലെ രത്നങ്ങൾ. കൊടുങ്കാട്, തലയെടുപ്പുള്ള മലകൾ, ഹിമാനി നിർമിച്ച കണ്ണാടി പോലെയുള്ള തടാകങ്ങൾ, പ്രശാന്തമായ താഴ്വരകൾ, മഞ്ഞുമൂടിയ ഗിരിശ്രൃംഗങ്ങൾ, പ്രകൃതി മെനഞ്ഞ കലാചാതുര്യമുള്ള ഗഹ്വരങ്ങൾ, വെള്ളച്ചാട്ടം. ചുരുക്കിപ്പറഞ്ഞാൽ സ്വർഗത്തിന്റെ ഒരു കഷണം. മലയുടെ അടിവാരത്ത് പ്രകൃതിയോട് സംവദിച്ച് ഞങ്ങൾ പ്രഭാതഭക്ഷണം ആസ്വദിച്ചു. ശേഷം ഇടതൂർന്ന മരങ്ങൾ അതിരിടുന്ന റോഡിലൂടെ പ്രയാണം തുടർന്നു. വഴിയിലെവിടെയും സഞ്ചാരികളുടെ വാഹനവ്യൂഹം.
ആദ്യ ലക്ഷ്യം ബാൻഫിലെ മിന്നവാൻക തടാകം. ജലോപരിതലത്തിന്റെ ആദ്യദർശനം സ്വപ്നമോ യാഥാർത്ഥ്യമോ എന്ന പ്രതീതിയുണ്ടാക്കും. വസന്തത്തിന്റെ അവസാന ദിനങ്ങളാണ്, പക്ഷേ ശൈത്യത്തിൽ ഉറഞ്ഞ മഞ്ഞ് പൂർണമായും ഉരുകിയിട്ടില്ല. ഭംഗിക്ക് കുറവേതുമില്ല. നീലാകാശത്തിനു കീഴിൽ, ചെങ്കുത്തായ പാറകളുടെ താഴെ നീലയും പച്ചയും നിറത്തിലുള്ള (turquoise) ജലസംഭരണി പോലെ നിലകൊള്ളുന്ന തടാകം. ഉപരിതലത്തിലെ ഉരുകാത്ത മഞ്ഞ് ജലവുമായി ചേർന്ന് മായാദർശനമുണ്ടാക്കുന്നു. ചിത്രങ്ങൾ എടുത്ത ശേഷം ക്യാമറയെ അവഗണിച്ച് ധ്യാനനിരതനായി ഇരുന്നു. പടമെടുപ്പ് വർത്തമാന നിമിഷത്തിന്റെ അനുഭവത്തിന് തടസ്സമാകുമ്പോൾ അങ്ങനെ ചെയ്യും. അവിടെ ആയിരിക്കുക എന്നതാണ് പ്രധാനം.
മിന്നവാങ്ക തീരം വിട്ട് ഞങ്ങൾ നീങ്ങി. സൾഫർ മൗണ്ടനിലേക്കുള്ള കേബിൾ കാർ യാത്രക്ക് തയ്യാർ. ചങ്കിടിപ്പ് കൂട്ടുന്ന അത്യന്തം ആവേശഭരിതമായ കയറ്റം, മരങ്ങളുടെ സൂചികാഗ്രം തൊട്ടു തൊട്ടില്ലെന്ന പോലെ. താഴ്വരകളുടെ ആഴവും പരപ്പും കണ്ട് മുകളിലെത്തുമ്പോൾ, അവിടെയൊരു നിരീക്ഷണ ഗോപുരം. മേഖലയിൽ പര്യവേക്ഷണം നടത്തിയ ബ്രിട്ടീഷുകാരുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ സന്ദർശകർ ചൂഷകരായിരുന്നു, പിൻഗാമികൾ പുതിയ അറിവുകളുടെ അടിസ്ഥാനത്തിൽ, പ്രകൃതിയെ ബഹുമാനിക്കാനും സംരംക്ഷിക്കാനും തുടങ്ങി. വിദഗ്ദമായി നിർമിച്ച മരത്തട്ടിലൂടെ, വൃക്ഷങ്ങൾക്ക് ലംബമായി നടന്നുവേണം മലമുകളിലെത്താൻ. അവിടെ മനസിനെ നിശ്ചലമാക്കുന്ന ഒരു കാഴ്ച. താഴ്വരയ്ക്കപ്പുറം ആൾരൂപങ്ങളായി നിരന്നു നിൽക്കുന്ന മലകൾ. ഇത് പുരാതന മനുഷ്യരുടെ ആരാധന സ്ഥലമായിരുന്നു. മലകളെ അവർ ദൈവങ്ങളായി കണ്ടു. പ്രകൃതിയൂടെ ഗാംഭീര്യത്തിനു മുന്നിൽ വിനയപൂർവ്വം നിൽക്കാനേ നവ സഞ്ചാരിക്കും കഴിയൂ. ഗിരിനിരകളുടെ വലിപ്പത്തിനും ആയുസ്സിനും മുന്നിൽ ഞാൻ ചെറുതായിരിക്കാം, എന്നാൽ ഞാനവയുടെ ഭാഗമാണ് എന്നൊരു തോന്നൽ. വൈരുദ്ധ്യങ്ങളേയും ദ്വന്ദങ്ങളേയും നിർവീര്യമാക്കുന്ന ഒരു നിമിഷം.
കേബിൾ കാറിൽ മടക്കയാത്ര. YMCA ഹോസ്റ്റലിൽ ചെക്ക് ഇൻ ചെയ്തു. വീട്ടിലുണ്ടാക്കി കൊണ്ടുവന്ന ആഹാരശേഷം വീണ്ടും റോഡിലേക്ക്. വർണ്ണവിസ്മയം ഒളിപ്പിച്ച് ലൂയിസ് തടാകം. മലകൾക്കു താഴെ തെളിഞ്ഞ ജലത്തിൽ കോണിഫർ മരങ്ങൾ പ്രതിഫലിക്കുന്നു. താരകങ്ങൾക്കു കീഴിൽ ഒരു കൂടാരമടിച്ച് ഇനിയുള്ള കാലം ഇവിടെ കൂടിയാലോ? തടാകത്തിൽ ഉരുകിയ മഞ്ഞും ഉരുകാത്ത മഞ്ഞും തമ്മിൽ പാരസ്പര്യം. ഇതൊരു ഹിമസാമ്രാജ്യം. പാർക്കിംഗ് സ്പെയ്സിലേക്കു നടക്കുമ്പോൾ, വാൻകൂവറിൽ നിന്ന് പുറപ്പെട്ട റോക്കി മൗണ്ടനീയർ ട്രെയിൻ സഞ്ചാരികളെ വഹിച്ച് മന്ദം നീങ്ങുന്നു. സൂര്യൻ പസഫിക്കിൽ ചായാനാഞ്ഞു, കൂടണയാൻ നേരമായി. കാർ ഹോസ്റ്റലിനടുത്ത് പാർക്ക് ചെയ്ത് ഞങ്ങൾ ബാൻഫ് ടൗണിൽ നടക്കാനിറങ്ങി. റൺഡിൽ, കാസ്കെയ്ഡ് എന്നീ മലകളുടെ പശ്ചാത്തലത്തിൽ, ഒട്ടേറെ ബൂട്ടിക്കുകളും, റസ്റ്ററന്റുകളും, ഷാതോ സ്റ്റൈൽ ഹോട്ടലുകളും നിറഞ്ഞ ഒരു ഹെറിറ്റേജ് പട്ടണം. പാലത്തിനു താഴെ സ്വച്ഛമായി ഒഴുകുന്ന നദി. സ്വിറ്റ്സർലൻഡിലെത്തിയ പോലെ. മുറിയിലെത്തി പകലിന്റെ ക്ഷീണം കഴുകിക്കളഞ്ഞ്, ഓരോ ബിയർ നുകർന്ന് ഞങ്ങളിരുന്നു. ഒഴുകുന്ന നദിയുടെ മധുര സംഗീതം. ഹിൽടൗണിൽ ഒഴിവാക്കാൻ പറ്റാത്ത സുഖകരമായ തണുപ്പ്. ലിജോയേയും ലീഷ്മയേയും അവരുടെ മുറിയിൽ വിട്ട് ഞാനും ഷെറിയും തൊട്ടടുത്ത മുറിയിലേക്ക്. അവൻ കെട്ടാൻ പോകുന്ന പെണ്ണുമായി ഫോണിൽ സല്ലാപം തുടങ്ങിയപ്പോൾ, നദിയുടെ താളത്തിന് കാതോർത്ത് ഞാൻ നിദ്രയിലേക്ക് വഴുതി.
പിറ്റേന്ന് രാവിലെ ഹോസ്റ്റലിൽ നിന്നുമിറങ്ങി ബാൻഫ് ടൗണിനെ വലം വച്ച് ഐസ്ഫീൽഡ്സ് പാർക്ക് വേയിൽ പ്രവേശിച്ചു. ബാൻഫിനെ ജാസ്പറുമായി ബന്ധിപ്പിക്കുന്ന ഹൈവേ. ലോകത്തിലെ ഏറ്റവും മനോഹരമായ ഡ്രൈവുകളിൽ ഒരെണ്ണം. 230 കിലോമീറ്റർ പിന്നിടാൻ രണ്ടര മണിക്കൂർ മതിയെങ്കിലും, പകൽ മുഴുവനെടുത്ത് വാഹനങ്ങൾ പലതവണ നിർത്തി കാഴ്ചകളുടെ നിറവിൽ ആണ്ടിറങ്ങണം. ജൂണിൽ ശിശിരത്തിന്റെ ആലസ്യം വിട്ടൊഴിഞ്ഞ് മഞ്ഞുരുകി തടാകങ്ങൾക്ക് നീല കലർന്ന പച്ച നിറമാകും. ഹൈക്കിംഗ് ട്രെയിലുകൾ സജീവമാകും, സാഹസികർ മേഘത്തിൽ മറഞ്ഞു നിൽക്കുന്ന ഗിരിശ്രൃംഖങ്ങളെ തൊടും. വെൺമഞ്ഞുമൂടി നിൽക്കുന്ന ബൗ തടാകക്കരയിൽ ഞങ്ങൾ ഇറങ്ങി. ജലമേത് കരയേതെന്ന് നിശ്ചയമില്ല.
പെയ്ട്ടൊ തടാകം ഹിമമുരുകി, അതിന്റെ മാസ്മരികത മുഴുവൻ വെളിപ്പെടുത്തിയിരിക്കുന്നു. മലയും മേഘവും നിശ്ചല ജലത്തിൽ മുഖം നോക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച ചില ദൃശ്യങ്ങൾ നഷ്ടമായെങ്കിലും, അപ്രതീക്ഷിതമായ പലതും കണ്ടെത്തുന്നു. യാത്രയുടെ ആത്മാവെന്നാൽ അതാണ്, പദ്ധതി പ്രകാരമുള്ള സഞ്ചാരങ്ങളേക്കാൾ വിരസമായ മറ്റൊന്നില്ല.
കൊളംബിയ ഐസ്ഫീൽഡിന്റെ അടിവാരം വരെ പോയി. കനത്ത ടയറുള്ള ബസിൽ കൂടുതൽ മുകളിലേക്ക് കയറുന്നില്ല. ഒരു സ്കൈവോക്ക് പ്ളാറ്റ്ഫോം അകലെ കാണുന്നു. ഇന്നിനി അങ്ങോട്ടുമില്ല. കാർ റോഡിൽ കയറി വേഗതയാർജിച്ചു. ഇപ്പോൾ ഷെറിയാണ് വളയം പിടിക്കുന്നത്. ഏതൊരു വാഹനപ്രേമിയുടേയും ഡ്രീം ഡ്രൈവ്. ഓരോ അണുവിലും വിസ്മയം ഒളിപ്പിച്ച യാത്ര.
അടുത്ത ലക്ഷ്യം അതബാസ്ക്ക വെള്ളച്ചാട്ടം. ആദിമനുഷ്യ കേന്ദ്രമാണെന്ന് പേരു കേട്ടാൽ അറിയാം. മലനിരകൾ അതിരിടുന്ന താഴ്വരക്കിപ്പുറം ശാന്തമായി ഒഴുകി, ഒരു ഗഹ്വരത്തിൽ സംഹാരശക്തിയാകുന്ന ജലം. ജലത്തിന് കരുത്തുണ്ടാകുന്നത് വിളുമ്പിലല്ല. ശക്തി അന്തർലീനമാണ്, അനുകൂലമായ സാഹചര്യത്തിൽ പ്രകടമാകുന്നു. ദുർബലമെന്നു തോന്നുമെങ്കിലും ജലത്തേക്കാൾ ശക്തിയുള്ള മറ്റെന്തുണ്ട്? മറ്റു മൂവരേയും നദി നിർമിച്ച ശിൽപങ്ങൾ കാണാൻ വിട്ട്, ഞാൻ നദിയുടെ ഉറവിടം അന്വേഷിച്ചു പോയി. എന്റെ സ്വകാര്യ നിമിഷങ്ങൾ, അതില്ലാതെ ഞാനെന്ന സഞ്ചാരിയില്ല. ഇവിടെ ഞാൻ സംവദിക്കുന്നത് എന്നോടു മാത്രമാണ്, ആന്തരിക സത്തയോട്. പുഴയുടെ ഒഴുക്കിൽ ഞാൻ കാണുന്നത് എന്നെ. എന്റെയുള്ളിലും വെളിയിലും നദീപ്രവാഹം. സംഘം ചേർന്നുള്ള യാത്രകളും എനിക്കിഷ്ടം, പക്ഷേ കൂടുതൽ ആസ്വദിക്കുന്നത് ഏകാന്ത യാത്രകൾ. ഈ സഞ്ചാരം ഞങ്ങൾ നാലു പേരും നാലു വിധത്തിലാണ് ആസ്വദിക്കുന്നത്, പക്ഷേ ഞങ്ങൾക്ക് ഒരു പൊതുവിടമുണ്ട്. അതില്ലാതെ യാത്ര അപൂർണം. കൂട്ടത്തിലായിരിക്കുക, എന്നാൽ ഏതു നിമിഷവും സ്വയം വേർപെടുത്താൻ തയ്യാറാകുക (Be in this world, but not of it). സഞ്ചരിക്കുന്നോറും മെച്ചമാകുന്ന വഴിത്താര. ഇതാണ് ഇതുവരെ കണ്ടതിൽ ഏറ്റവും നല്ലത് എന്നുറപ്പിക്കുമ്പോൾ, അടുത്ത വളവിൽ കാത്തിരിക്കുന്നത് അതിലും മികച്ചത്.
ജാസ്പർ ടൗണിലെ ഉച്ചഭക്ഷണത്തിനു ശേഷം, ഞങ്ങൾ മാലൈൻ തടാകത്തിലേക്ക് നീങ്ങി. കുറഞ്ഞ വേഗതയിൽ വണ്ടിയോടിക്കണം. ജീവജാലങ്ങളുടെ സഞ്ചാരതാളത്തെ ബഹുമാനിക്കേണ്ടതുണ്ട്. എൽക്കും കാരിബുവും കുറുക്കനും കരടിയും റോഡ് കുറുകെ കടക്കാൻ സാധ്യത. ഇതവരുടെ ഇടം, ഞങ്ങൾ സന്ദർശകർ മാത്രം. മാലൈൻ തടാകം നീലജലത്താലും, ഉരുകുന്ന മഞ്ഞുപാളികളാലും തീരത്തെ സസ്യജാലത്താലും ആനന്ദിപ്പിച്ചു. DSLR അമച്വർ ഫോട്ടോഗ്രാഫർ ഷെറിയുടെ ചിത്രങ്ങൾക്ക്, അവൻ ഉദ്ദേശിക്കാത്ത ബ്ളൂസ്ഫിയർ പ്രഭാവം കൈവന്നു. പിന്നീട് അവൻ മെച്ചപ്പെട്ട ഛായാഗ്രഹകനും ചിത്രസംയോജകനും ഹ്രസ്വചിത്ര സംവിധായകനുമായി. ഈ യാത്രയിൽ അവന്റെ പാഷൻ വ്യക്തമായിരുന്നു. മടങ്ങുമ്പോൾ കാട്ടുതീയുടെ നശീകരണത്തിൽ നിന്നും ഇനിയും മോചനം നേടാത്ത ഒരു പ്രദേശം കണ്ടു, നാശോന്മുഖമെന്നു തോന്നിക്കുന്ന മെഡിസിൻ തടാകവും. ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലമാണ് അതങ്ങനെയെന്ന് പിന്നീടറിഞ്ഞു, വേനലിൽ അത് പുനർജനിക്കും. എന്തെന്ത് അത്ഭുതങ്ങളാണ് പ്രകൃതിയിൽ!
സംരക്ഷിത മേഖല വിട്ട് ഹൈവേയിൽ കയറുന്ന വാഹനം വേഗത നേടുന്നതിനു മുൻപ് ഒരു വന്യജീവിയെ പുറത്തു കാണണമെന്ന് ഞങ്ങൾ തീവ്രമായി ആഗ്രഹിച്ചു. അതിനോട് പ്രതികരിച്ചെന്നോണം പ്രകൃതി ഒരു നരിയെ റോഡിൽ കൊണ്ടുവന്നു നിർത്തി. വണ്ടി നിർത്തി അതിനെ പോകാൻ അനുവദിച്ചു. ഞങ്ങളെയൊന്നു നോക്കി, റോഡ് കുറുകെ കടന്ന് അതു നീങ്ങി. അമൂല്യമായ ഒരു നിമിഷം! മൃഗങ്ങളുടെ കണ്ണുകൾ എന്നും ആകർഷിച്ചിട്ടുണ്ട്. മനുഷ്യനെ പോലെ വാചാലം, വികാരനിർഭരം. മിസ്റ്റിക് കവി ജലാലുദ്ദീൻ റൂമിയുടെ വാക്കുകളിൽ ആ ജീവി ഇങ്ങനെ പറയുന്നതു പോലെ: ഞാൻ വായടച്ചു, എന്നിട്ട് പരശതം നിശബ്ദമായ വഴികളിൽ നിന്നോട് സംസാരിച്ചു. എഡ്മണ്ടനിൽ ലിജോയുടെ ഗേഹത്തിൽ തിരിച്ചെത്തിയപ്പോൾ രാവേറെ ചെന്നിരുന്നു.
പിറ്റേന്നാൾ അവരെന്നെ എയർപോർട്ടിൽ വിട്ട് വിട ചൊല്ലി. മലനിരകളുടെ മേലെ വിമാനം പറക്കുമ്പോൾ ഇന്നലെ കണ്ട വൻതടാകങ്ങൾ നീന്തൽക്കുളങ്ങൾക്കു സമാനം. ഒരു മണിക്കൂറിനു ശേഷം ആബട്ട്സ്ഫോർഡ് എയർപോർട്ടിലിറങ്ങി ഗ്രേഹൗണ്ട് ബസ് സ്റ്റേഷനിലേക്ക്. വാൻകൂവറിലേക്കുള്ള വാഹനം കാത്തിരുന്ന വേളയിൽ മികച്ച ആതിഥേയ ലീഷ്മക്കും, യാത്രയിലേക്ക് എന്നെ പിടിച്ചു വലിച്ചിട്ട് ആയുസ്സിലെലെ ഏറ്റവും മനോഹരമായ രണ്ടു ദിനങ്ങൾ സമ്മാനിച്ചതിന് ലിജോയ്ക്കും ഷെറിക്കും ഞാൻ നന്ദി പറഞ്ഞു. ബാൻഫിന്റേയും ജാസ്പറിന്റേയും ഉപരിതലത്തെ ഒന്നു തൊട്ടിട്ടേയുള്ളൂ. കാണാക്കാഴ്ചകൾ ഒരുപാട് ബാക്കി, ഒന്നോ രണ്ടോ വരവു കൂടി വരേണ്ടി വരും.
~ഡിബിൻ റോസ് ജേക്കബ്