സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേരാന്‍ 5 വയസ്സ്: നിബന്ധന തുടരുമെന്ന് സ്‌കൂള്‍ മാന്വല്‍ 

By: 600002 On: May 12, 2022, 12:22 PM

 

 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അഞ്ച് ആയി തുടരുമെന്ന് വ്യക്തമാക്കിയ സ്‌കൂള്‍ മാന്വല്‍ കരട് പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് ആണെങ്കിലും കേരളത്തില്‍ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് അഞ്ച് ആയി തുടരുമെന്നാണ് മാന്വലില്‍ വ്യക്തമാക്കുന്നത്. 9 ആം ക്ലാസ് വരെ പ്രവേശനത്തിന് 3 മാസത്തെയും 10 ആം ക്ലാസിലേക്ക് 6 മാസത്തെയും വയസ്സിളവ് ജില്ലാ-ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അനുവദിക്കാം. 

ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്. പിടിഎ, ക്ലാസ് പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, മാതൃസമിതി, വിദ്യാര്‍ത്ഥി സംഘടന തുടങ്ങിയ വിവിധ സമിതികളുടെ ഘടന, ചുമതലകള്‍,  ഫണ്ട് വിനിയോഗം എന്നിവ മാന്വലില്‍ വിശദീകരിക്കുന്നു. പിടിഎ കമ്മിറ്റികളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളില്‍ പകുതിയെങ്കിലും വനിതകളായിരിക്കണമെന്നും മാന്വലില്‍ വ്യക്തമാക്കുന്നു. 

സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആധികാരിക രേഖയായ സ്‌കൂള്‍ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെയും കരടുകള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് പുറത്തിറക്കിയത്.