എഡ്മന്റണില്‍ വാഹനങ്ങളിലെ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷ്ടിക്കുന്നവര്‍ കൂടുതലായും ലക്ഷ്യം വെക്കുന്നത് മോട്ടോര്‍ ഹോമുകളെയെന്ന് എഡ്മന്റണ്‍ പോലീസ്. വിന്റര്‍ സീസണില്‍ ദീര്‍ഘനാള്‍ പാര്‍ക്ക് ചെയ്യുന്ന മോട്ടോര്‍ ഹോമുകളില്‍ നിന്നാണ് കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകള്‍ മോഷണം പോകുന്നത്.
മോട്ടോര്‍ ഹോമുകള്‍ പലപ്പോഴും നഗരങ്ങളിലെ പാര്‍ക്കിംഗ് ഏരിയകളിലോ, വീട്ടുമുറ്റങ്ങളിലോ, പാര്‍ക്കിംഗ് പാഡുകളിലോ ആയിരിക്കും പാര്‍ക്ക് ചെയ്യുക. വിന്റര്‍ സീസണില്‍ ആറ് മാസം വരെ പാര്‍ക്ക് ചെയ്യപ്പെടുന്ന മോട്ടോര്‍ഹോമുകളില്‍ നിന്ന് മോഷ്ടാക്കള്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷണം നടത്തുന്നുണ്ടെന്ന് പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
വിന്റര്‍ സീസണ്‍ കഴിഞ്ഞ് വേനല്‍ക്കാലത്തേക്ക് മോട്ടോര്‍ഹോമുകള്‍ ഉപയോഗിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുമ്പോഴായിരിക്കും ഉടമകള്‍ പലപ്പോഴും കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകള്‍ മോഷണം പോയതായി കാണുക. സ്ട്രീറ്റുകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഈ സമയത്ത് വേഗത്തിലും എളുപ്പത്തിലും ആക്‌സസ് ചെയ്യാനുള്ള സൗകര്യം മോഷ്ടാക്കള്‍ക്ക് ലഭിക്കുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ഫോര്‍ഡ് സീരീസിലെ മോഡലുകളാണ് മോഷ്ടാക്കള്‍ അധികമായി ലക്ഷ്യം വെക്കുന്നതെന്നും ഒരു കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മാറ്റിസ്ഥാപിക്കുന്നതിന് വാഹനത്തിന്റെ നിര്‍മ്മാണവും മോഡലും അനുസരിച്ച് 3,000 ഡോളര്‍ മുതല്‍ 8,000 ഡോളര്‍ വരെ ചെലവാകുമെന്നും പോലീസ് പറയുന്നു.