ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ കാനഡയിലെത്തിക്കുന്നതിനായി ഏര്‍പ്പെടുത്തിയ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരും ആഴ്ചകളില്‍ പോളണ്ടില്‍ നിന്നും പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്. കാനഡയിലേക്ക് അടിയന്തര യാത്രയ്ക്ക് അനുമതിയുള്ള 90,000 ത്തിലധികം ഉക്രേനിയന്‍ അഭയാര്‍ത്ഥികളില്‍ ചിലര്‍ക്ക് ഈ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ രാജ്യത്തേക്കെത്താമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ സീന്‍ ഫ്രേസര്‍ മാധ്യമങ്ങളെ അറിയിച്ചു. ആദ്യം വരുന്നവര്‍ക്ക് ആദ്യ സര്‍വീസ് എന്ന അടിസ്ഥാനത്തിലാണ് സീറ്റുകള്‍ ലഭ്യമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദ്യ വിമാനം മെയ് 23 ന് വിന്നിപെഗിലേക്കും രണ്ടാമത്തേത് മെയ് 29 ന് മോണ്‍ട്രിയലിലേക്കും മൂന്നാമത്തേത് ജൂണ്‍ 2 ന് ഹാലിഫാക്‌സിലേക്കും പുറപ്പെടും.
ഫെബ്രുവരി അവസാനത്തോടെ റഷ്യ ഉക്രെയ്‌നില്‍ യുദ്ധം തുടങ്ങിയതിനു ശേഷം ആയിരക്കണക്കിന് ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ കാനഡയില്‍ എത്തിയിട്ടുണ്ടെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. ഇനിയും എത്ര പേര്‍ കാനഡയിലേക്കെത്തുമെന്ന് വ്യക്തമല്ലെന്ന് ഫ്രേസര്‍ പറഞ്ഞു.