മോണ്‍ട്രിയലിനു സമീപം ഫ്രാങ്ക്‌ളിന്‍ ഹില്‍ എലമെന്ററി സ്‌കൂളില്‍ ഗ്രേഡ് 1 ല്‍ പഠിക്കുന്ന ആറും ഏഴും വയസ്സുള്ള മൂന്ന് കുട്ടികളെ കഞ്ചാവ് കലര്‍ന്ന മിഠായി കഴിച്ചെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ ബസിനുള്ളില്‍ നിന്നാണ് മിഠായികള്‍ കുട്ടികള്‍ക്ക് ലഭിച്ചത് എന്നാണ് വിവരം.
ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ആറ് വയസ്സുള്ള പെണ്‍കുട്ടി അസ്വസ്ഥത പ്രകടമാക്കിയതോടെയാണ് സംശയമായത്. കുട്ടിയോട് അമ്മ വിവരം ആരാഞ്ഞപ്പോഴാണ് ബസിന്റെ തറയില്‍ നിന്നും കിട്ടിയ മിഠായി കഴിച്ചെന്ന് പറയുന്നത്. ഗം രൂപത്തിലുള്ള മിഠായി സുഹൃത്തുക്കളായ മറ്റ് രണ്ട് കുട്ടികളും കഴിച്ചതായി പറഞ്ഞു. മാതാപിതാക്കളെ വിവരം അറിയിച്ചതിനെതുടര്‍ന്ന് മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയ്ക്ക് ശേഷം കുട്ടികള്‍ ആശുപത്രി വിട്ടു.
സ്‌കൂള്‍ ബസില്‍ യാത്ര ചെയ്ത മറ്റ് കുട്ടികളെ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഞ്ചാവ് കലര്‍ന്ന മിഠായികള്‍ ബസില്‍ എങ്ങനെ എത്തി, ആര് കൊണ്ടുവന്നു എന്നതിനെക്കുറിച്ചൊന്നും വ്യക്തമായിട്ടില്ല. സംഭവം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും സ്‌കൂള്‍ ബോര്‍ഡ് അറിയിച്ചു.
ക്യുബെക്കില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാണ്. എന്നാല്‍ കുട്ടികള്‍ അറിയാതെ ഭക്ഷിച്ചേക്കാമെന്ന അപകടസാധ്യത ഉള്ളതിനാല്‍ മിഠായികളായോ മറ്റ് രൂപത്തിലോ വില്‍ക്കുന്നത് നിയമപരമാക്കിയിട്ടില്ല.