തലകുത്തി നിന്ന് ഗിന്നസിലേക്ക്; റെക്കോര്‍ഡ് നേട്ടവുമായി 75കാരനായ ക്യുബെക് സ്വദേശി 

By: 600002 On: May 12, 2022, 7:33 AM


ടോണി ഹെലോ, വയസ്സ് 75. വാര്‍ധക്യത്തിലും ഹെലോ ഗിന്നസ് പ്രകടനം നടത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.  പ്രായം ഹെലോയ്ക്ക് ഒന്നിനും ഒരു തടസ്സമേ അല്ല. ദീര്‍ഘനേരം തലകുത്തി നിന്നാണ് ഹെലോ ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുന്നത്. ക്യുബെക്കിലെ ഡ്യൂക്‌സ്-മോണ്ടഗ്നസ് സ്വദേശിയായ ഹെലോ ദീര്‍ഘനേരം തലകുത്തി നില്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷന്‍ എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്. 

2021 ഒക്‌റ്റോബര്‍ 16നാണ് ഗിന്നസ് റെക്കോര്‍ഡിലേക്കുള്ള പ്രകടനം ഹെലോ നടത്തിയത്. ഇത്തരത്തില്‍,തലകീഴായി നില്‍ക്കാന്‍ തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് അദ്ദേഹം പറയുന്നു. വീട്ടിലായാലും, പൊതുസ്ഥലങ്ങളായാലും കടകളിലാണെങ്കിലും എവിടെ വേണെമെങ്കിലും ഹെലോയ്ക്ക് തലകീഴായി ദീര്‍ഘനേരം നില്‍ക്കാന്‍ കഴിയും. സുഹൃത്തുക്കള്‍ താന്‍ വളരെയധികം ശക്തമാണെന്ന് കരുതുന്നുണ്ടെങ്കിലും തന്റെ കുടുംബം തന്റെ ആരോഗ്യത്തെപ്പറ്റി ആശങ്കാകുലരാണ്. പക്ഷേ, തന്റെ കഠിനപരിശ്രമത്തിലൂടെ ഏറ്റവും വലിയ നേട്ടം ഈ പ്രായത്തില്‍ നേടാന്‍ കഴിഞ്ഞത് ജീവിത്തിലെ വലിയൊരു കാര്യമാണെന്ന് ഹെലോ പ്രസ്താവനയില്‍ പറഞ്ഞു. 

ചെറുപ്പം മുതല്‍ക്കു തന്നെ ഹെലോ കൈകളില്‍ കുത്തി നടക്കുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. പിന്നീട് റെക്കോര്‍ഡിലേക്കുള്ള ലക്ഷ്യമായി. അതിനായി 55 ആം വയസ്സില്‍ പരിശീലനം ആരംഭിച്ചു. മകളാണ് തന്നെ ഗിന്നസ് റെക്കോര്‍ഡ് എന്ന ലക്ഷ്യത്തിനു വേണ്ടി പ്രോത്സാഹനം തന്ന് പരിശീലനത്തിനു വേണ്ടി സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു. ജീവിതത്തില്‍ ചിട്ടയായ ദിനചര്യകളാണ് പിന്തുടരുന്നത്. ഇത് ആരോഗ്യത്തോടെയിരിക്കാനും ഗിന്നസ് ബുക്ക് എന്ന ലക്ഷ്യത്തിലേക്കെത്തിക്കാനും സഹായിച്ചുവെന്നും ഹെലോ കൂട്ടിച്ചേര്‍ത്തു.