കാനഡയില്‍ ഇനി റെസ്റ്റോറന്റ് ഭക്ഷണങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് വിദഗ്ധര്‍. ഭക്ഷ്യ എണ്ണയുടെ ഉല്‍പ്പാദനത്തിലും ഇറക്കുമതിയിലുമുണ്ടാകുന്ന ക്ഷാമം ഹോട്ടല്‍, റെസ്റ്റോറന്റ് ഭക്ഷണ വിലയില്‍ വര്‍ധനവിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടായ മോശം വിളവെടുപ്പ്. കോവിഡ് കാലത്തുണ്ടായ വിതരണ ശൃംഖലകളിലെ പ്രതിസന്ധികള്‍, റഷ്യയുടെ ഉക്രെയ്ന് അധിനിവേശം എന്നിവ ലോകമെമ്പാടും ഭക്ഷ്യ ഉല്‍പ്പാദ ക്ഷാമം സൃഷ്ടിച്ചിരിക്കുകയാണ്. പാചക എണ്ണ വിലയെയാണ് സാരമായി ഇത് ബാധിച്ചിരിക്കുന്നത്.
ഈ കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പാചക എണ്ണയുടെ വില കുതിച്ചുയരാന്‍ തുടങ്ങിയതായി ഡല്‍ഹൗസി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ സില്‍വെയിന്‍ ചാള്‍ബോയിസ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗ്രോസറി കടകളിലും വിലക്കയറ്റം ബാധിച്ചിട്ടുണ്ടെങ്കിലും റെസ്റ്റോറന്റ് ഭക്ഷണ വിലയിലാണ് കൂടുതലായും ഇത് പ്രകടമാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഈ വര്‍ഷവസാനത്തോടെ സസ്യ എണ്ണ(വെജിറ്റബിള്‍ ഓയില്‍)യുടെ വില മൂന്നിരട്ടിയായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റെസ്റ്റോറന്റ് മേഖലകളിലെ ആളുകള്‍ പറയുന്നത്. കാനഡയില്‍ വെജിറ്റബിള്‍ ഓയിലാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എന്നിരിക്കെ വിലക്കയറ്റം റെസ്റ്റോറന്റ് മെനുവിലേക്കും ബാധിക്കും.
കാലാവസ്ഥാ വ്യതിയാനം, കോവിഡ് വ്യാപനം, വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍, റഷ്യ-ഉക്രെയ്ന് പ്രശ്നം എന്നിവയ്ക്ക് പുറമെ ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി നിയന്ത്രണം തുടങ്ങിയതോടെ ആഗോള ഭക്ഷ്യ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. ഇത് നൂറുകണക്കിന് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് ചാള്‍ബോയിസ് വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ പാമോയില്‍ കയറ്റുമതിയുടെ 55 ശതമാനവും ഇന്തോനേഷ്യയില്‍ നിന്നാണ്. സണ്‍ഫ്ളവര്‍ ഓയില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഉക്രെയ്ന്.
പാചക എണ്ണയുടെ ക്ഷാമത്തെ നേരിടാന്‍ ഈ സീസണില്‍ കാനഡയിലുള്ളവര്‍ കനോല ഓയില്‍ മറ്റ് എണ്ണകള്‍ക്കു പകരമായി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ചിലപ്പോള്‍ മോശം കാലാവസ്ഥ ഈ പദ്ധതിയെയും തകിടംമറിച്ചേക്കാമെന്നും ചാള്‍ബോയിസ് സൂചിപ്പിക്കുന്നു. സസ്യ എണ്ണകള്‍ക്ക് പകരം മറ്റ് ഭക്ഷ്യ എണ്ണകള്‍ ഉപയോഗിക്കുന്നതായിരിക്കും വിലക്കയറ്റത്തിനെതിരെ പ്രതിരോധിക്കാനുള്ള നല്ലൊരു മാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.