സൗത്ത് ഈസ്റ്റ് കാൽഗറിയിൽ രണ്ടു വാഹനങ്ങൾ തമ്മിലുണ്ടായ രോഷപ്രകടനത്തെത്തുടർന്ന് നടത്തിയ വെടിവെയ്‌പ്പിൽ നിരപരാധിയായ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി കാൽഗറി പോലീസ്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കാൽഗറി സൗത്ത് ഈസ്റ്റിലെ 36 സ്ട്രീറ്റിൽ രണ്ട് വാഹനങ്ങൾ തമ്മിൽ വെടി വെയ്‌ക്കുന്നതായി പൊലീസിന് പരാതി ലഭിച്ചത്. ഒരു ഷെവർലെ സിൽവറാഡോ ട്രക്ക്, ഫോക്സ് വാഗൺ ജെറ്റയെ പിന്തുടരുന്നതായും വാഹനമോടിക്കുന്നതിനിടയിൽ വെടി വെയ്ക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു.
അലക്ഷ്യമായ വെടിവെയ്‌പ്പിൽ 36 സ്ട്രീറ്റിലെ 1100,1700 ബ്ലോക്കുകളിലെ രണ്ട് വീടുകളിൽ ബുള്ളറ്റുകൾ പതിച്ചു. തുടർന്ന് 36 സ്ട്രീറ്റിന്റെയും 17 അവന്യൂവിന്റെയും ഇന്റർസെക്ഷനിൽ വെച്ച് ഈ രണ്ട് വാഹനങ്ങളും മറ്റ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിലെയും സെഡാനിലെയും യാത്രക്കാർ പരസ്പരം വെടിയുതിർക്കുകയും പ്രദേശത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അലക്ഷ്യമായ വെടിയേറ്റ് ഇതിൽ പങ്കില്ലാത്ത ഒരു സിൽവർ വാനിന്റെ ഡ്രൈവർ, 40 വയസ്സുള്ള ഒരു സ്ത്രീയും സംഭവസ്ഥലത്ത് വെച്ച് മരിച്ചതായി പോലീസ് പറഞ്ഞു.
ജെറ്റയിൽ നിന്ന് ഓടിപ്പോയ ഒരാളെ സമീപത്തു നിന്ന് വെടിയേറ്റ മുറിവുകളാൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സിൽവറാഡോ ട്രക്കിൽ ഉണ്ടായിരുന്ന പുരുഷനും സ്ത്രീയും ഓടി രക്ഷപെട്ടു. സംഭവത്തിന്റെ സെൽഫോണോ ഡാഷ് ക്യാം ഫൂട്ടേജോ ഉള്ളവരോ അല്ലെങ്കിൽ ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോ പോലീസിനെ 403-266-1234 എന്ന നമ്പറിലോ 1-800-222-8477 എന്ന ക്രൈം സ്റ്റോപ്പേഴ്‌സ് നമ്പറിലോ വിളിക്കുവാൻ പോലീസ് അഭ്യർത്ഥിച്ചു.