'കയറുവാൻയിനിയും പടികൾ' എഴുതിയത് അബ്രഹാം ജോർജ്, ചിക്കാഗോ.

By: 600009 On: May 11, 2022, 4:48 PM

എഴുതിയത് : അബ്രഹാം ജോർജ്, ഷിക്കാഗോ.

''കയറുവാൻ ഇനിയും പടികളേറേയുണ്ട്, എനിക്കിനി വയ്യാ സേതു ..."

"എന്താ ശാരീ, നീയിങ്ങനെ പറയണത്. നിനക്ക് ശ്രമിച്ചു കൂടേ... ഞാൻ നിൻ്റെ കൂടെയില്ലേ...? നമ്മൾ, ജീവിതം എവിടെ നിന്ന് ആരംഭിച്ചുയെന്ന് ഓർമ്മയുണ്ടോ ശാരീ  നിനക്ക് ..? ഒരർദ്ധരാത്രി പെരുമഴത്ത്, നീ വീടുവിട്ട് എൻ്റെ പിന്നാലെ വരുമ്പോൾ, നിനക്കെന്ത് ധൈര്യമായിരുന്നു. പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് നമ്മൾ മുന്നേറി, ഇനി നമ്മളുടെ ഓട്ടം മുഴുമിപ്പിക്കേണ്ടേ..?"

"വേണം, എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല സേതു: എനിക്കത് കഴിയുമോയെന്ന് സംശയമാണ്, ഞാൻ തളർന്നു കഴിഞ്ഞു."

അവൾ പിന്നെയും തുടർന്നു "അന്ന് ഞാൻ നിന്നെ വിശ്വസിച്ചത്, ഒരുമിച്ച് ജീവിക്കാൻ കഴിയാമെന്ന് കരുതിയതിയത്, എത്ര നന്നായിയെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാലിപ്പോൾ ഞാൻ തളരുകയാണ് സേതു .. "

അവൾ, അയാളുടെ മടിയിൽ തല ചായ്ച്ച് കിടന്നു.

"ശാരീ..." അയാൾ വിളിച്ചു. അവൾ ആലസ്യത്തിൽ മയങ്ങുകയാണന്നാണ് കരുതിയത്. എന്നാലവൾ അനങ്ങിയില്ല, അവളുടെ നീണ്ട മിഴികളുടെ ചലനം നിലച്ചിരുന്നു. അവളുടെ നീളൻ മുടിയിലയാൾ തലോടി, മാറോട് ചേർത്ത് ചുംബിച്ചു. അറിയാതെ അയാൾ പറഞ്ഞു'

" ഓട്ടം പൂർത്തിയായിയല്ലേ ശാരീ... "

അവളുടെ ശബ്ദം പുറത്തു വന്നില്ല.

"ശാരീ..."

അയാൾ വിളിച്ചു. അവളുടെ ചലനം നിലച്ചിരുന്നു. അവളെ തോളിലേറ്റി അയാൾ പടികളിറങ്ങി. ജീവിതം തുടങ്ങിയോടത്ത് തന്നെ തിരികെയെത്തി, ശവശരീരങ്ങൾ ഭസ്മമാക്കിയ ശ്മശാന ഭൂമിയിലൂടെ നടന്നു. വിറകുകൾ അട്ടിയിട്ടുവെച്ചിരുന്ന പട്ടടയിൽ അവളെ കിടത്തി, അരികിൽ, അവളുടെ ശരീരം കത്തിത്തീരും വരെ കാത്തിരുന്നു. സേതു കരഞ്ഞില്ല, താൻ ഒറ്റക്കായോയെന്നയാൾ സംശയിച്ചു. തിരിഞ്ഞ് ചവിട്ടുപടികളുടെ മുകളിലേക്ക് നോക്കി. അവിടെ തൻ്റെ 'ശാരി' രണ്ടു കൈകളും നീട്ടി, തന്നെയും കാത്തുനിൽക്കുന്നു. അയാൾ സകല ശക്തിയും എടുത്ത്, പടികൾ കയറി അങ്ങേ തലയ്ക്കലെത്തി. അവിടെയെങ്ങും അവളെ കണ്ടില്ല.

എന്നാലും തൻ്റെ ശാരി കൂടെയുള്ള അനുഭവം അയാൾക്കുണ്ടായി. എൻ്റെ 'ശാരി ' തന്നോടൊപ്പം ഉണ്ടല്ലോയെന്ന ധൈര്യം പിന്നേയും ജീവിക്കാനയാളെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. ഇവിടെയാരും മരിക്കുന്നില്ല. അനേകം ഹൃദയങ്ങളിലവർ പിന്നെയും ജീവിക്കുന്നു. മരണം മിഥ്യയാണ്. ആത്മാവ് "ശരീരം ഉപേക്ഷിക്കുന്നുയെന്നേയുള്ളൂ." ശരീരം പ്രകൃതിയുടേതാണ്; ആത്മാവ് ശാശ്വതവും.

കയറിയാലും കയറിയാലും തീരാത്ത പടികൾ, കൂടെ ആരൊക്കയോയുണ്ടെന്ന വിശ്വാസം. അവസാനം തുടങ്ങിയോടത്തു തന്നെ എത്തുന്ന പ്രക്രീയ, അതാണ് ജീവിതം. അയാൾ ഉറക്കെ വിളിച്ചു

" ശാരീ... "

ചിലമ്പിക്കുന്ന ശബ്ദം പ്രതിധ്വനിച്ചു. ദൂരേ രത്നങ്ങൾ പതിച്ച കവാടവും സ്വർണ്ണ പ്രഭയും കണ്ടു. പടികൾ നീണ്ടുപോകുന്നു. കയറിയാൽ തീരാത്ത അത്രത്തോളം പടികൾ. പല ആകൃതിയിലുള്ള ശരീരത്തിനവിടെ പ്രവേശനമില്ല. ഒരേ ആകൃതി ഒരേ രൂപമുള്ള ആത്മാക്കൾക്ക് മാത്രം പ്രവേശനം. മതമില്ല ജാതിയില്ല, ഒന്നുമില്ല. എൻ്റെ ശാരീയവിടെയുണ്ടെന്ന് അയാൾക്ക് തോന്നി. ആ സുവർണ്ണ കൊട്ടാരത്തിലെത്തണമെങ്കിൽ ശരീരം വെടിഞ്ഞ പ്രാണനു മാത്രം. എല്ലാം മായം ഓം... ശാന്തി! ശാന്തി...