നഴ്‌സുമാരുടെ ക്ഷാമം: ഒന്റാരിയോ വാട്ടര്‍ലൂ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 300 ഓളം ഒഴിവുകള്‍: നഴ്‌സസ് അസോസിയേഷന്‍ 

By: 600002 On: May 11, 2022, 3:12 PM

 


ഒന്റാരിയോയിലെ വാട്ടര്‍ലൂ മേഖലയില്‍ നഴ്‌സുമാരുടെ ക്ഷാമം ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ട്. വളരെ ശോചനീയമായ അവസ്ഥയിലൂടെയാണ്  ആരോഗ്യമേഖല കടന്നുപോകുന്നതെന്ന് ഒന്റാരിയോ നഴ്‌സസ് അസോസിയേഷന്‍(ഒഎന്‍എ) പറയുന്നു.  

വാട്ടര്‍ലൂ മേഖലയില്‍ 300 ഓളം ഒഴിവുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 
ഇതില്‍ 140 എണ്ണം ഗ്രാന്‍ഡ് റിവര്‍ ആശുപത്രിയിലും 90 എണ്ണം കേംബ്രിഡ്ജ് മെമ്മോറിയല്‍ ആശുപത്രിയിലും 64 എണ്ണം സെന്റ് മേരീസ് ജനറല്‍ ആശുപത്രിയിലുമാണ്. നഴ്‌സുമാരുടെ സേവനം ആവശ്യമായ മേഖലയില്‍ ഇത്രയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് നികത്താനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും യൂണിയന്‍ വ്യക്തമാക്കുന്നു.   

നിലവില്‍ നഴ്‌സുമാരുടെ ക്ഷാമം ആശുപത്രി മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും വളരെ കുറച്ച് സ്റ്റാഫുകളെ വെച്ച് കൂടുതല്‍ രോഗീപരിചരണം ചെയ്യേണ്ടതായി വരുന്നുണ്ടെന്നും അസോസിയേഷന്റെ  റീജിയന്‍ ഫോര്‍ വൈസ് പ്രസിഡന്റ് എറിന്‍ ആരിസ് പറയുന്നു. നഴ്‌സുമാരുടെ ക്ഷാമം രോഗികളുടെ ശുശ്രൂഷയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും യൂണിയന്‍ അഭിപ്രായപ്പെട്ടു. രോഗികള്‍ക്ക് ദീര്‍ഘനേരത്തെ കാത്തിരിപ്പ് സമയം, മരണത്തിനു പോലും സാധ്യതയുള്ള ഗുരുതരാവസ്ഥകളിലേക്ക് രോഗികളെ തള്ളിവിടാനും സാഹചര്യമുണ്ടാക്കുന്നതായി യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. 

അതേസമയം, ഒന്റാരിയോയിലെ നഴ്‌സുമാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 600 പേര്‍ നേരത്തെ വിരമിക്കുന്നതിനോ ജോലി ഉപേക്ഷിക്കുന്നതിനോ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. സുസ്ഥിരമല്ലാത്ത ജോലിഭാരം, നഴ്‌സുമാരോടുള്ള പെരുമാറ്റം, അനാദരവ് തുടങ്ങിയ കാരണങ്ങളാണ് നഴ്‌സുമാരെ ജോലിയില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ഘടകങ്ങള്‍ എന്നാണ് സര്‍വേയില്‍ വ്യക്തമാക്കുന്നത്. ബില്‍ 124 ഉം കാരണമാകുന്നതായി നഴ്‌സുമാര്‍ പറയുന്നു.