ഓടുന്ന ട്രക്കിന്റെ പിന്നില്‍ നിന്ന് സഞ്ചരിച്ച് യാത്രക്കാരന്റെ അഭ്യാസ പ്രകടനം: സ്റ്റണ്ട് ഡ്രൈവിംഗ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒന്റാരിയോ പോലീസ് 

By: 600002 On: May 11, 2022, 2:06 PMഅപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്. ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് വെസ്റ്റ് റീജിയന്‍ ഞായറാഴ്ച ട്വിറ്ററില്‍ ട്രക്കും അതിനുപിന്നില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ സഞ്ചരിക്കുന്ന ഒരാളുടെയും വീഡിയോ പങ്കുവെച്ചു കൊണ്ടാണ് മുന്നറിയിപ്പ് നല്‍കുന്നത്. 

ഒന്റാരിയോയിലെ നോര്‍ഫോക്ക് കൗണ്ടിയില്‍ ഹൈവേ 24 ലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്കിന് പിന്നില്‍ അജ്ഞാതന്‍ കയറുകയും ട്രക്കിന്റെ ബമ്പറില്‍ നിന്നുകൊണ്ട് അഭ്യാസപ്രകടനം നടത്തുകയും ചെയ്യുന്നു. വൈറലായ ഈ വീഡിയോയ്ക്ക് പൊതുജനങ്ങളില്‍ നിന്നും തമാശരൂപത്തിലായിരുന്നു പ്രതികരണം. എന്നാല്‍ അപകടാംവിധം അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ഇത് അനുകരിക്കുകയും ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് പോലീസ്. 

ആ ട്രക്ക് ഒരു ബമ്പില്‍ ഇടിക്കുമായിരുന്നുവെങ്കില്‍ ആ വ്യക്തി ആ വാഹനത്തില്‍ നിന്ന് തെറിച്ചുപോയിരിക്കാം. തെറിച്ചുവീഴുന്നത് ചിലപ്പോള്‍ പിന്നാലെ വരുന്ന കാറിനോ ട്രക്കിനോ മുന്നിലായിരിക്കാമെന്നും പോലീസ് പറയുന്നു. സംഭവസമയത്ത് ആരും പോലീസിനെ വിളിച്ച് അറിയിച്ചില്ലെന്നത് ആളുകളുടെ പ്രതികരണത്തെ കാണിക്കുന്നുവെന്നും ഇത് അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണെന്നും പോലീസ് വ്യക്തമാക്കി.