ദക്ഷിണാഫ്രിക്കയില്‍ കോവിഡ് വര്‍ധനവിന് കാരണമാകുന്ന ഒമിക്രോണിന്റെ പുതിയ രണ്ട് സബ്വേരിയന്റുകള് കാനഡയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബിഎ.4, ബിഎ.5 ഉപവകഭേദങ്ങളാണ് കാനഡയില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ബിഎ.4 ന്റെ മൂന്ന് കേസുകളും ബിഎ.5 ന്റെ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാനഡയിലെ കോവിഡ്-19 വേരിയന്റുകളെ തിരിച്ചറിയാന്‍(ഒമിക്രോണ്‍ വേരിയന്റും അതിന്റെ ഉപവിഭാഗങ്ങളും ഉള്‍പ്പെടെ) പ്രവിശ്യകളിലും പ്രദേശങ്ങളിലും കനേഡിയന്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ബിഎ.4, ബിഎ.5 പോലുള്ള ഒമിക്രോണിന്റെ ഉപവിഭാഗങ്ങള്‍ മൂലമുണ്ടാകുന്ന രോഗത്തിന്റെ തീവ്രത, വ്യാപനശേഷി, രോഗനിര്‍ണയം, വാക്സിനുകള്‍, ചികിത്സകളുടെ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച് ഗവേഷകര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വക്താവ് ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ പുതിയ ഡാറ്റ പ്രകാരം, ഒമിക്രോണിന്റെ ബിഎ.2 സബ്വേരിയന്റാണ് നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനത്തിന് ഇടയാക്കിയിരിക്കുന്നത്.