കാനഡയില്‍ കാണാതായ ആളുകള്‍ക്കായുള്ള തിരച്ചിലിന് അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ആര്‍സിഎംപി 

By: 600002 On: May 11, 2022, 11:24 AMവെസ്റ്റ് കോസ്റ്റില്‍ ഉള്‍പ്പെടെ കാനഡയിലുടനീളം കാണാതായ ആളുകള്‍ക്കായുള്ള തെരച്ചിലിനുള്‍പ്പെടെ സഹായിക്കുന്നതിനായി അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ആര്‍സിഎംപി. കഴിഞ്ഞാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍സിഎംപി ഇക്കാര്യം അറിയിച്ചത്. സാറ്റലൈറ്റ്, ഹൈപ്പര്‍സ്‌പെക്ട്രല്‍ ഇമേജിംഗ് സാങ്കേതിക വിദ്യയാണ്(അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം) തെരച്ചിലിനായി ഉപയോഗിക്കുകയെന്ന് ആര്‍സിഎംപിയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ മിസിംഗ് പേഴ്‌സണ്‍സ് ആന്‍ഡ് അണ്‍ഐഡന്റിഫൈഡ് റീമെയ്ന്‍സ് കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു. 

മനുഷ്യ മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കപ്പെടുകയോ ഭാഗികമായി കുഴികളില്‍ അടക്കം ചെയ്യുകയോ ചെയ്ത സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും ആര്‍സിഎംപി വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ റോള്‍ഔട്ട് ആരംഭിച്ചു. ബീസിയിലെ ലൊക്കേഷനിലാണ് സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിച്ച് തെരച്ചില്‍ നടത്തിയത്. 

അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഉപയോഗിച്ച് കാല്‍ഗരി പ്രവിശ്യയിലെ ടാര്‍ഗെറ്റ്‌സ ചെയ്ത പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ശേഖരിച്ച വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്ന് മാധ്യമങ്ങളെ ആര്‍സിഎംപി അറിയിച്ചു. 

ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ഈ സാങ്കേതികവിദ്യ വഴി ചെയ്യുന്നത്. പ്രതിഫലിക്കുന്ന സൂര്യകിരണങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും പ്രോസസ് ചെയ്യാനും കഴിയുന്ന സാങ്കേതികവിദ്യയാണ് സിംഗിള്‍ എഞ്ചിന്‍ വിമാനത്തില്‍ സജ്ജീകരിക്കുന്നത്. 

ഒരു വ്യക്തിയുടെ തിരോധാനവുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലം തിരച്ചിലിനായി തെരഞ്ഞെടുക്കുമ്പോള്‍ അതിനൊരു സ്റ്റാര്‍ട്ടിംഗ് പോയിന്റ് ഉണ്ടായിരിക്കണം. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കേസുകള്‍ കണ്ടെത്താന്‍ രാജ്യത്തുടനീളമുള്ള പോലീസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.