ടച്ച് സ്‌ക്രീനില്‍ തകരാര്‍: ടെസ്ല 130,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു 

By: 600002 On: May 11, 2022, 10:21 AM


അമേരിക്കന്‍ ഇലക്ട്രിക് വാഹന മേഖലയിലെ പ്രമുഖ കമ്പനിയായ ടെസ്ല 130,000 ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്. ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. 

2021 മുതല്‍ 2022 വരെയുള്ള ചില മോഡല്‍ എസ് സെഡാന്‍, മോഡല്‍ X എസ്യുവികളും 2022 മുതല്‍ മോഡല്‍ 3 കാറുകളും മോഡല്‍ വൈ എസ്യുവികളും തിരിച്ചുവിളിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ  സിപിയു അമിതമായി ചൂടാക്കുന്നത് റിയര്‍വ്യൂ ക്യാമറയില്‍ നിന്നുള്ള ചിത്രങ്ങള്‍, മുന്നറിയിപ്പ് ലൈറ്റുകള്‍, മറ്റ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് തടയുന്നുവെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിന് ഓവര്‍-ദി-എയര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കും. മേയ് 3 മുതല്‍ അപ്‌ഡേറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. 

സാധാരണ എന്‍ഡുറന്‍സ് ടെസ്റ്റിംഗിലാണ് പ്രശ്‌നം കണ്ടെത്തിയതെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ ഇതുവരെ പ്രശ്‌നം മൂലം അപകടം സംഭവിച്ചതായോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു. അതേസമയം ജനുവരി മുതല്‍ മെയ് ആദ്യവാരം വരെ 59 ഓളം അനുബന്ധ വാറന്റി ക്ലെയ്മുകള്‍ ലഭിച്ചതായി കമ്പനി വ്യക്തമാക്കി.