വിക്ടോറിയ ദിനത്തോടെ കാനഡയിലുടനീളം ഗ്യാസ് വില വീണ്ടും ഉയരാൻ സാധ്യത 

By: 600007 On: May 10, 2022, 10:01 PM

കാനഡയിലുടനീളം ഗ്യാസ് വില കുതിച്ചുയരുകയാണ്. വിക്ടോറിയ ദിനത്തോടെ കാനഡയിലുടനീളം ഗ്യാസ് വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിക്ടോറിയ ഡേ ലോംഗ് വീക്കെൻഡോടെ രാജ്യവ്യാപകമായി ഗ്യാസ് വില ലിറ്ററിന് ശരാശരി 10 മുതൽ 15 സെന്റ് വരെ ഉയരുമെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജിയുടെ പ്രസിഡന്റ് ഡാൻ മക്‌ടീഗ് പറയുന്നു. ജിടിഎയിൽ ലിറ്ററിന് 2.10 ഡോളറും വാൻകൂവറിൽ ലിറ്ററിന് 2.29 മുതൽ 2.35 ഡോളറും മോൺട്രിയലിൽ ഗ്യാസ് വില 2.15 മുതൽ 2.20 വരെ ആകുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഒരു ലിറ്റർ ഗ്യാസിന്റെ ശരാശരി വില ടൊറന്റോയിൽ 199.9 സെന്റും ഹാലിഫാക്സിൽ 190.9 സെന്റും വിന്നിപെഗിൽ 179.9 സെന്റും കാൽഗറിയിൽ 163.9 സെന്റും ആണ്.  യഥാക്രമം 218.9 സെന്റും 204.9 സെന്റും ആണ് വാൻകൂവറിലേയും മോൺ‌ട്രിയലിലെയും ചൊവ്വാഴ്ചത്തെ ഗ്യാസ് വില.

ഉയർന്ന ഡീസൽ വില കാനഡയിലെ അവശ്യ സാധനങ്ങളുടെ വിലയെ ബാധിച്ചിട്ടുണ്ട്. ഉക്രൈൻ-റഷ്യ യുദ്ധം, വിതരണ ശൃംഖലയിലെ പ്രതിസന്ധികൾ, നിരവധി യുഎസ് റിഫൈനറികൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടുള്ളത്, കാർബൺ ടാക്സ്, ക്രൂഡിന്റെ വില ഉയർന്നിട്ടും കനേഡിയൻ ഡോളർ യുഎസ് ഡോളറുമായി തുല്യതയിൽ എത്താത്തതുമെല്ലാമാണ് കാനഡയിലെ ഗ്യാസ് വില ഉയരുവാൻ കാരണമായി വിദഗ്ദർ വിലയിരുത്തുന്നത്.