ഏകദേശം 10,000-ത്തിലധികം വ്യാജ രണ്ടു ഡോളർ നാണയങ്ങൾ(വ്യാജ ടൂണികൾ) പ്രചരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഒന്റാന്റാരിയോ സ്വദേശിക്കെതിരെ കേസെടുത്തതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി). ആർസിഎംപി പറയുന്നതനുസരിച്ച്, 2021 വേനൽക്കാലത്താണ് വ്യാജ നാണയങ്ങളുടെ വ്യാപനം കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിലൂടെ, കനേഡിയൻ ബാങ്കിംഗ് സംവിധാനത്തിൽ ഉള്ള ഏകദേശം 10,000-ത്തിലധികം വ്യാജ രണ്ട് ഡോളർ നാണയങ്ങൾ ആർസിഎംപി പിടിച്ചെടുത്തു. കനേഡിയൻ കറൻസി സംവിധാനത്തിൽ കൂടുതൽ കള്ളനാണയങ്ങൾ ഉണ്ടാകാമെന്നും ചൈനയിൽ നിന്നാണ് നാണയങ്ങൾ വന്നിട്ടുള്ളതെന്നുമാണ് പോലീസ് സംശയിക്കുന്നത്. പിടിച്ചെടുത്ത രണ്ട് ഡോളറിന്റെ വ്യാജ നാണയങ്ങളിൽ, ധ്രുവക്കരടിയുടെ വലത് മുൻ കൈയിലുള്ള വിരൽ വിഭജിച്ച രീതിയിൽ ആണ് ഉള്ളതെന്ന് പോലീസ് പറയുന്നു.
കാനഡയുടെ നാണയങ്ങളിലെ തനതായ സവിശേഷതകളാൽ നാണയങ്ങൾ ലോകത്തിലെ തന്നെ സുരക്ഷിതമാണെന്നും വ്യാജ നാണയങ്ങൾ പെട്ടന്ന് തിരിച്ചറിയാനാവുമെന്നും കാനഡയുടെ നാണയ വിതരണത്തിന്റെ സമഗ്രത ഉറപ്പാക്കാൻ റോയൽ കനേഡിയൻ മിന്റ്, ധനകാര്യ സ്ഥാപനങ്ങളുമായും ആർസിഎംപിയുമായും ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും റോയൽ കനേഡിയൻ മിന്റിലെ കോർപ്പറേറ്റ് സെക്യൂരിറ്റി വൈസ് പ്രസിഡന്റ് ജെയിംസ് മലീസിയ തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
68 കാരനായ റിച്ച്മണ്ട് ഹില്ലിലെ ഡെയ്സിയോങ് ഹിയെ കള്ളപ്പണം പ്രചരിപ്പിച്ചതിനും കൈവശം വച്ചതിനും അറസ്റ്റ് ചെയ്തതായി ആർസിഎംപി അറിയിച്ചു. നിങ്ങൾക്ക് കള്ളനോട്ടോ നാണയമോ ലഭിച്ചതായി സംശയിക്കുന്നുവെങ്കിൽ, അത് ലോക്കൽ പോലീസിന് നൽകുവാനും പോലീസ് നിർദ്ദേശിക്കുന്നു.
കള്ളപ്പണം ലഭിച്ചാൽ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ബാങ്ക് ഓഫ് കാനഡയുടെ ടിപ്പുകൾ https://www.bankofcanada.ca/banknotes/counterfeit-prevention/ എന്ന ലിങ്കിൽ ലഭ്യമാണ്.