മാതൃദിനത്തിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവും, 16 വയസ്സുകാരനും അറസ്റ്റിൽ

By: 600084 On: May 10, 2022, 5:46 PM

പി പി ചെറിയാൻ, ഡാളസ്.

വെസ്റ്റ്ഹിൽസ് (ലൊസാഞ്ചലസ്) : മാതൃദിനത്തിൽ കലിഫോർണിയയിലെ ലൊസാഞ്ചലസ് വെസ്റ്റ്ഹിൽസ് ഹോമിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് എഞ്ചല ഡോൺ ഫ്ലോറസ് (38), 16 വയസുകാരന്‍ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി ലൊസാഞ്ചലസ് പൊലീസ് ഡിപ്പാർട്ടമെന്റ് ഒരു പ്രസ്താവനയിൽ അറിയിച്ചു.

ഫ്ലോറസിന് ആറു ദശലക്ഷം ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരുക്കുന്നത്. 16 വയസുകാരന്റെ സഹായത്തോടെയാണ് മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയതെന്ന ഫ്ലോറസിന്റെ കുറ്റസമ്മതത്തെ തുടർന്നാണ് ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തത്. പോലീസ് 16കാരനെക്കുറിച്ച് വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും സമീപവാസികൾ പറയുന്നത് ഫ്ലോറൻസിന്റെ മകനാണെന്നാണ്.

പന്ത്രണ്ടു വയസുള്ള പെൺകുട്ടിയും എട്ടുവയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികളുടേയും മൃതദേഹമാണ് പൊലീസ് വീട്ടിനകത്ത് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ലഭിച്ച ഫോൺകോളിനെ തുടർന്നാണ് പൊലീസ് ഇവിടെ എത്തിയത്.

വെസ്റ്റ്ഹിൽസും വുഡ്‌ലാന്റ് ഹിൽസും തമ്മിൽ വേർതിരിക്കുന്ന നോർത്ത് സൈഡ് സ്ട്രീറ്റിലുള്ള വീട്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. പൂമ്പാറ്റകൾ കണക്കെ വീടിന്റെ പരിസരത്ത് സൈക്കിളും മറ്റും പറന്നു നടന്നിരുന്ന പിഞ്ചോമനകൾരാവിലെ ഉറക്കമുണർന്നപ്പോൾ കണ്ടത് തന്റെ മൂന്നു സഹോദരങ്ങൾ മരിച്ചുകിടക്കുന്നതാണെന്നും, ഉടനെ അയൽവാസികളെ അറിയിക്കാൻ പതിമൂന്നുകാരൻ വന്നിരുന്നുവെന്നും ഇവർ പറയുന്നു.

പക്ഷേ, പൊലീസ് ഇതിന് വ്യക്തമായ വിശദീകരണമൊന്നും നൽകിയിട്ടില്ല. മാതാവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നോ എന്നും സമീപവാസികൾ സംശയിക്കുന്നു.