പി പി ചെറിയാൻ, ഡാളസ്.
റിച്ച്മോണ്ട് (ടെക്സസ്) : മതവിശ്വാസത്തിന്റെ പേരിൽ 13 വയസ്സുള്ള മകളെ 47കാരന് വിവാഹം ചെയ്തുകൊടുത്ത മാതാവ് കുറ്റക്കാരിയാണെന്ന് ഫോർട് ബെൻഡ് കോടതി വിധിച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു ഈ അസാധാരണ വിധി ഉണ്ടായത്.
ചെറി പെയ്ടൺ എന്ന 43കാരിയായ മാതാവിന് 30 വർഷമാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ഫോർട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.
2017ലാണ് ലൈംഗിക ചൂഷണത്തിന് വിധേയയായ കുട്ടി ഡോക്ടറോട് വിവരങ്ങൾ വിശദീകരിച്ചത്. ഭാര്യ എന്ന നിലയിൽ ഭർത്താവിനെ എല്ലാവിധത്തിലും സംതൃപ്തിപ്പെടുത്താൻ കഴിഞ്ഞതായി കുട്ടി അറിയിച്ചു.
കുട്ടിയോടൊപ്പം ഉണ്ടായിരുന്ന മാതാവ് തന്റെ സമ്മതപ്രകാരമായിരുന്നു വിവാഹമെന്നും, അത് തന്റെ മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അറിയിച്ചു.
അധികൃതരുടെ ശ്രദ്ധയിൽ ഈ വിവാഹം വരുന്നതിന് ഒരു വർഷം മുൻപു തന്നെ പ്രായമുള്ള മനുഷ്യന്റെ ഭാര്യയായിരുന്നുവെന്ന് പ്രോസിക്യൂട്ടേഴ്സ് കണ്ടെത്തിയിരുന്നു.
ടെക്സസിൽ നിയമപരമായ വിവാഹ൦ 18 വയസാണ്. എന്നാൽ ചില പ്രത്യേക നിയന്ത്രണങ്ങൾക്ക് വിധേയമായി 16 വയസുള്ള 16 വയസുള്ള കുട്ടികൾക്കും വിവാഹിതരാകുന്നതിന് ടെക്സസ് നിയമം അനുമതി നൽകുന്നുണ്ട്.
ഈ സംഭവത്തിൽ പെൺകുട്ടിയെ വിവാഹം ചെയ്ത 47കാരനായ സ്റ്റീവൻ കാർട്ടിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2017 ജൂണ്‍ 22 നാണ് ഇതു സംബന്ധിച്ച് പൊലീസ് കേസെടുത്തത്.