സംഗീതജ്ഞനും സന്തൂര്‍ വാദകനുമായ പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ അന്തരിച്ചു 

By: 600002 On: May 10, 2022, 10:44 AM

 

ഇതിഹാസ സംഗീതജ്ഞനും സന്തൂര്‍ വാദകനുമായിരുന്ന ശിവ്കുമാര്‍ ശര്‍മ്മ(84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു. ഡയാലിസിസ് തുടരുന്നതിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

ജമ്മു കശ്മീരില്‍ നിന്നുള്ള സന്തൂര്‍ എന്ന അധികമാര്‍ക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ജനപ്രിയമാക്കി ക്ലാസിക് എന്ന വിശേഷണത്തിലേക്കെത്തിച്ചത് ശിവ്കുമാര്‍ ശര്‍മ്മയായിരുന്നു. സിതാറിനും സരോദിനുമൊപ്പം സന്തൂര്‍ എന്ന വാദ്യോപകരണവും ക്ലാസിക് പട്ടികയില്‍ ഇടം നേടി. 

1938 ജനുവരി 13 ന് ജമ്മുവിലാണ് ശിവ്കുമാര്‍ശര്‍മ്മയുടെ ജനനം. പതിമൂന്നാം വയസ്സിലാണ് സന്തൂര്‍ പഠിക്കാന്‍ തുടങ്ങിയത്. 1955 ല്‍ മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പൊതുപ്രകടനം. 1956 ല്‍ പുറത്തിറങ്ങിയ ഝനക് ഝനക് പായല്‍ ബജെ എന്ന ചിത്രത്തിലൂടെ പശ്ചാത്തല സംഗീതമൊരുക്കി ബോളിവുഡിലേക്ക് ചുവടുവെച്ചു. ഹരിപ്രസാദ് ചൗരസ്യ, ഗിറ്റാറിസ്റ്റ് ബ്രിജ് ഭൂഷന്‍ കബ്ര എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് 1967 ല്‍ പുറത്തിറക്കിയ കോള്‍ ഓഫ് ദ വാലി എന്ന പ്രശസ്ത സംഗീത ആല്‍ബം ശ്രദ്ധ നേടി. ഹരിപ്രസാദ് ചൗരസ്യക്കൊപ്പം നിരവധി സിനിമകള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.