ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി ചേര്‍ന്ന് 10,000 ത്തോളം വീടുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ക്യുബെക്ക് 

By: 600002 On: May 10, 2022, 8:15 AM

 

ക്യുബെക്കില്‍ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് കമ്പനിയുടെ സഹായത്താല്‍ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതിയിടുകയാണ് ലെഗോള്‍ട്ട് സര്‍ക്കാര്‍. സേവനാനുകൂല്യങ്ങള്‍ പരിമിതമായ പ്രദേശങ്ങളില്‍( underserved areas)  സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണ് ലക്ഷ്യം. ഈ ഉള്‍പ്രദേശങ്ങളിലെ 10,000 ത്തോളം വീടുകളെയാണ് അമേരിക്കന്‍ കമ്പനിയുടെ സേവനം വഴി ബന്ധിപ്പിക്കുന്നത്. 

സ്‌പേസ് എക്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്കിന്റെ ലോ-എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റുകള്‍, ഫൈബര്‍ ഒപ്റ്റിക്‌സ് ഉപയോഗിച്ച് എത്തിച്ചേരാന്‍ പ്രയാസമുള്ള വീടുകളുമായി കണക്ട് ചെയ്യുന്ന മികച്ച സാങ്കേതിക പരിഹാരമാണ് ഇതെന്ന് ഷെര്‍ബ്രൂക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രീമിയറിന്റെ പാര്‍ലമെന്ററി അസിസ്റ്റന്റ് ഗില്ലസ് ബെലാംഗര്‍ പറഞ്ഞു. ഭൂമിശാസ്ത്രപരമായ വിദൂരത കാരണം ചില വീടുകളെ ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്കിലേക്ക് ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും ഇതിനുള്ള ഏക പരിഹാരം സ്‌പേസ് എക്‌സ് വഴി വാഗ്ദാനം ചെയ്യുന്ന അതിവേഗ ഇന്റര്‍നെറ്റ് സേവനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് ട്രാന്‍സ്മിഷന്‍ സേവനത്തിന്റെ വിന്യാസത്തിനായി ക്യൂബെക്ക് 50 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുന്നുണ്ട്. ഈവര്‍ഷം സെപ്റ്റംബര്‍ 30 നകം 57th പാരലിന് തെക്കുള്ള 10,200 ഓളം വീടുകള്‍ ഹേസ്പീഡ് നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കുവാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.