ഒന്റാരിയോ ഹൈവേയിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു: ആളപായമില്ല  

By: 600002 On: May 10, 2022, 7:05 AM


ഒന്റാരിയോയിലെ ബ്രാന്റ്‌ഫോര്‍ഡില്‍ ഹൈവേ 403 ല്‍ മേല്‍പ്പാലത്തിന്റെ സംരക്ഷണ ഭിത്തിയായ കോണ്‍ക്രീറ്റ് സ്ലാബിന്റെ ഒരു ഭാഗം അടര്‍ന്ന് ദേശീയപാതയിലേക്ക് വീണതിനെ തുടര്‍ന്ന് ഇരുവശത്തേക്കുമുള്ള പാതകള്‍ അടച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഫ്രന്റ്-എന്‍ഡ് ലോഡറുമായി വന്ന വാഹനം വെയ്ന്‍ ഗ്രെറ്റ്‌സ്‌കി പാര്‍ക്ക്‌വേ പാലത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

കൂട്ടിയിടിയില്‍ വലിയ കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്ന്  ഗാര്‍ഡ് റെയിലുകള്‍ തകര്‍ത്ത് റോഡിലേക്ക് വീഴുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനമിടിച്ചാല്‍ പാലത്തിന് സംരക്ഷണമെന്ന നിലയില്‍  സ്‌ട്രൈക്ക് പ്ലേറ്റായാണ് കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചിരിക്കുന്നത്. ഈ വര്‍ഷം പകുതിക്കിടയില്‍ ഇത് മൂന്നാം തവണയാണ് പാലത്തില്‍ വാഹനമിടിക്കുന്നതെന്ന് പോലീസ് പറഞ്ഞു. 

തുടര്‍ന്ന് സ്ലാബ് എടുത്തുമാറ്റി ഗതാഗത യോഗ്യമാക്കി മാറ്റുന്നതിനായി പാത അടച്ചു. തിങ്കളാഴ്ച ഏഴ് മണിയോടുകൂടി കിഴക്കോട്ടുള്ള ഹൈവേ 403 തുറന്നു. വെസ്റ്റ്ബൗണ്ട് ഹൈവേ 403 ലെയ്‌നുകള്‍ കുറച്ചുനാളത്തേക്കായി അടച്ചിട്ടിരിക്കുമെന്ന് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.