ആല്‍ബെര്‍ട്ടയ്ക്ക് പുറത്തുള്ളവരെ കാല്‍ഗരി റിയല്‍ എസ്റ്റേറ്റ് മേഖല കൂടുതല്‍ ആകര്‍ഷിക്കുന്നതായി നിരീക്ഷകര്‍  

By: 600002 On: May 10, 2022, 6:33 AM

 

ആല്‍ബെര്‍ട്ടയ്ക്ക് പുറത്തു നിന്ന് വീട് വാങ്ങിക്കുന്നവരെ കാല്‍ഗരിയിലെ റിയല്‍ എസ്റ്റേറ്റ് മേഖല കൂടുതല്‍ ആകര്‍ഷിക്കുന്നതായി റിയല്‍റ്റേഴ്‌സ് പറയുന്നു. നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല കഴിഞ്ഞ ആറ് മാസമായി സജീവമായിരിക്കുകയാണ്. അസാധാരണമാം വിധം പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഒന്റാരിയോ, ബീസി എന്നിവടങ്ങളില്‍ നിന്നുള്ള താമസക്കാരാണ് കൂടുതലായും ആല്‍ബെര്‍ട്ടയില്‍സ പുതിയ വീട് നിര്‍മിക്കാനോ അല്ലെങ്കില്‍ പ്രോപ്പര്‍ട്ടികളായി നിക്ഷേപം നടത്താനോ കൂടുതലായി മുന്നോട്ട് വരുന്നത്. സിഐആര്‍ റിയല്‍റ്റിയിലെ ആദം ഷെരാക്ക് പറയുന്നത് തന്റെ വെബ്‌സൈറ്റിലൂടെ പ്രോപ്പര്‍ട്ടി അന്വേഷിക്കുന്നവരില്‍ 40 മുതല്‍ 50 ശതമാനം പേര്‍ പ്രവിശ്യയ്ക്ക് പുറത്തുള്ളവരാണ്. 2021 ല്‍ അവസാന മാസങ്ങളില്‍ ഈ പ്രവണത ശരിക്കും ശ്രദ്ധേയമായി തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. 

തന്റെ ഇടപാടുകാരില്‍ 10 ശതമാനവും ആല്‍ബെര്‍ട്ടയ്ക്ക് പുറത്തുള്ളവരാണെന്ന് മറ്റൊരു റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ ആദില്‍ തൊബാനി പറയുന്നു. ഇപ്പോള്‍ 30 ശതമാനം വരെ ആളുകള്‍ പ്രവിശ്യയ്ക്ക് പുറത്തു നിന്നും വീടുകള്‍ കുറഞ്ഞ വിലയ്ക്ക് ആല്‍ബെര്‍ട്ടയില്‍ നിന്നും ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരില്‍ പലരും വാന്‍കുവറിലെയും ടൊറന്റോയിലെയും വിലയേറിയ വസ്തുവകകള്‍ വിറ്റ് പണമാക്കി കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ വീടുകള്‍ തേടുന്നുവെന്നും തൊബാനി പറയുന്നു. 

കാല്‍ഗറിയിലെ മൊത്തം പ്രോപ്പര്‍ട്ടി വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ ഇതേ പോയിന്റിനേക്കാള്‍ ഏകദേശം 40 ശതമാനം ഉയര്‍ന്ന് 9,217 ല്‍ നിന്ന് 12,859 ആയി. 2020 നെ അപേക്ഷിച്ച് 2021 ലെ ഭവന വില്‍പ്പന 71 ശതമാനം കൂടുതലാണെന്ന് കാല്‍ഗരി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നു. 

ആല്‍ബെര്‍ട്ടയിലേക്ക് പ്രത്യേകിച്ച് കാല്‍ഗരിയിലേക്ക് മറ്റ് പ്രവിശ്യകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്. കുറഞ്ഞ തുകയ്ക്ക് കാല്‍ഗരിയില്‍ വീട് സ്വന്തമാക്കുക എന്ന ആഗ്രഹത്തോടെയാണ് ഇവര്‍ എത്തുന്നത്. ആല്‍ബെര്‍ട്ട ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം 2021 ന്റെ അവസാന പാദത്തില്‍ കാല്‍ഗരിയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം 3,451 ആയിരുന്നു. ഇന്റര്‍നാഷണല്‍ മൈഗ്രേഷനാകട്ടെ 9,489 ഉം ആയിരുന്നു.