ഡാളസിൽ വെടിവയ്പ്; രണ്ടു മരണം, രണ്ടു പേർക്കു പരുക്ക്

By: 600084 On: May 9, 2022, 6:51 PM

പി പി ചെറിയാൻ, ഡാളസ്.

ഗാർലന്റ് (ഡാലസ്) : ഡാലസ് കൗണ്ടി ഗാർലന്റ് സിറ്റിയിലെ മഗ്‌നോളിയ ഡ്രൈവിൽ ശനിയാഴ്ച രാത്രി ഉണ്ടായ വെടിവയ്പിൽ രണ്ടു കൗമാരപ്രായക്കാർ കൊല്ലപ്പെടുകയും, രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തു.

സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ജീസസ് സൽതാന(21) ക്രിസ്റ്റഫർ ടോറസ് (22) എന്നിവരാണു കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരെന്നും ഗാർലന്റ് പൊലീസ് അറിയിച്ചു.

മഗ്‌നോളിയയിൽ വീട്ടിൽ വച്ച് നടന്ന പാർട്ടിക്കിടെയാണു വെടിവയ്പ് ഉണ്ടായത്. പാർക്ക് ചെയ്തു കിടന്നിരുന്ന കാറിനു സമീപം നടന്ന ബഹളമാണു വെടിവയ്പിൽ കലാശിച്ചത്. നാലു പേർക്കാണു വെടിയേറ്റത്. ഇതിൽ ഒസെ ഡാലിയൻ ഗാർസിയ (18) സംഭവസ്ഥലത്തും 17 വയസുള്ള ഒരാൾ ആശുപത്രിയിലുമാണു മരിച്ചത്. വെടിയേറ്റ രണ്ടു പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥ തരണം ചെയ്തതായി പൊലീസ് പറഞ്ഞു.

വെടിവയ്പിനു കാരണം എന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ ഗാർലന്റ് പൊലീസിനെ 972485484 ൽ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.

അറസ്റ്റ് ചെയ്ത രണ്ടുപേരെയും ഗാർലന്റ് ഡിറ്റൻഷൻ സെന്ററിൽ അടച്ചു. ജാമ്യം അനുവദിക്കുന്നതിനുള്ള നടപട‌ികൾ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.