ബൈക്കിൽ സഞ്ചരിച്ചു മാല പൊട്ടിച്ചു കടന്നു കളയുന്ന മോഷ്ട്ടാവിനെ പിടികൂടാൻ പോലീസ് സഹായം അഭ്യർഥിച്ചു.

By: 600084 On: May 9, 2022, 6:35 PM

 

പി പി ചെറിയാൻ, ഡാളസ്.

ന്യൂയോർക്ക് സിറ്റി∙ ന്യൂയോർക്ക് സിറ്റിയിൽ ബൈക്കിൽ സഞ്ചരിച്ചു സ്ത്രീകളുടെ മാലപൊട്ടിച്ചു കടന്നു കളഞ്ഞ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹകരണമഭ്യർഥിച്ചു.

കഴിഞ്ഞവാരം നാലു സ്ഥലങ്ങളിലാണു മോഷണം നടന്നത്. ബ്രോൺസ് 150 സ്ട്രീറ്റിൽ സ്ത്രീയുടെ കഴുത്തിൽ കിടന്നിരുന്ന 300 ഡോളർ വിലമതിക്കുന്ന സ്വർണാഭരണം പൊട്ടിച്ച ശേഷം സ്ത്രീയെ തള്ളിയിട്ടു ബൈക്കിൽ കടന്നു കളഞ്ഞതായിരുന്നു ഏറ്റവും ഒടുവിൽ ഉണ്ടായത്.

അതേദിവസം, മൻഹാട്ടൻ സെന്റ് നിക്കോളസ് അവന്യൂവിൽ റോഡ് ക്രോസ് ചെയ്തിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ആഭരണം തട്ടിയെടുത്തു ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. ഇതിനു മുൻപ് ഒരു തവണ വിഫലമായ ശ്രമങ്ങൾ നടത്തിയിരുന്നതായും ഒരു സ്ത്രീയുടെ നെക്‌ലസ് പൊട്ടിച്ചെങ്കിലും നിലത്തു വീണതിനാൽ മോഷ്ടാവിന് അതെടുക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറ‍ഞ്ഞു.

വിവിധ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഈ സംഭവങ്ങളുടെ പുറകിൽ ഒരു മോഷ്ട്ടാവാണെന്നാണ് പൊലീസ് കരുതുന്നത്. ചുവന്ന മോട്ടോർ സൈക്കിളിൽ നാൽപ്പത് വയസ്സോളം പ്രായം വരുന്ന കറുത്ത ജാക്കറ്റ് ധരിച്ച, ബ്ലൂ ജീൻസ് ധരിച്ച മോഷ്ട്ടാവാണ് മോഷണങ്ങൾ നടത്തിയിരിക്കുന്നത്. വെളുത്ത ഒരു ഹെൽമെറ്റും മോഷ്ട്ടാവ് ഉപയോഗിച്ചിരുന്നു.

മോഷണം പെരുകുന്നതോടെ ജാഗ്രത പാലിക്കണമെന്നും ഇത്തരം സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയായാൽ വിവരം പൊലീസിനെ അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.