ഗർഭഛിദ്രാനുകൂലികളുടെ പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നൽകി ടെക്സസ് ഡെമോ. ഗവർണർ സ്ഥാനാർഥി

By: 600084 On: May 9, 2022, 6:16 PM

പി പി ചെറിയാൻ, ഡാളസ്.

ഹൂസ്റ്റൺ : അമേരിക്കയിൽ ഗർഭചിദ്രത്തിനു നിയമപരമായ സംരക്ഷണം നൽകുന്ന നിലവിലുള്ള റൊ. വി വേഡ് നീക്കം ചെയ്യുന്നതിനുള്ള നടപടികളിലേക്കു യുഎസ് സുപ്രീം കോടതി നീങ്ങിയതോടെ രാജ്യത്താകമാനം ഇതിനെതിരെ ശക്തമായ പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറുന്നു. ഇതിന്റെ ഭാഗമായി ടെക്സസ് ഹൂസ്റ്റണിൽ 100 കണക്കിനു ഗർഭഛിദ്രാനുകൂലികൾ നടത്തിയ പ്രകടനത്തിനു ടെക്സസ് ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ബെറ്റൊ ഒ. റൂർക്കെ നേതൃത്വം നൽകി.

ശനിയാഴ്ച ഹൂസ്റ്റൺ ഡൗൺടൗൺ പാർക്കിൽ തിങ്ങിനിറഞ്ഞ പ്രതിഷേധക്കാരെ ബെറ്റൊ അഭിസംബോധന ചെയ്തു. ഹൂസ്റ്റണിൽ ഉണ്ടായിരുന്ന കനത്ത ചൂടിനെ അവഗണിച്ചാണു പ്രകടനക്കാർ തങ്ങളുടെ പ്രതിഷേധം  അറിയിക്കുന്നതിനു പാർക്കിൽ എത്തിച്ചേർന്നത്.

ടെക്സസ് സംസ്ഥാനം മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയായ ശക്തമായ ഗർഭചിദ്ര നിരോധന നിയമം നടപ്പാക്കിയതു ഗർഭഛിദ്രത്തെ എതിർക്കുന്നവരുടെ മുക്തകണ്ഠ പ്രശംസക്ക് അർഹമായിരുന്നു.

എന്നാൽ അധികാരം ജനങ്ങളുടെ കൈകളിലാണെന്നും അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത് ഇതു തെളിയിക്കണമെന്നും ബെറ്റോ അഭ്യർഥിച്ചു. സ്ത്രീകളുടെ വിവേചനപരമായ സ്വാതന്ത്ര്യത്തെ നിഷേധിക്കാൻ ആർക്കും കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഗർഭചിദ്ര വിഷയം അടുത്ത മിഡ്ടേം തിരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്തുകയില്ലെന്നു ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട് പ്രതികരിച്ചു. ടെക്സസിൽ എന്നും റിപ്പബ്ലിക്കൻ തീരുമാനത്തെ അംഗീകരിച്ച പാരമ്പര്യമാണ് ഉള്ളതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.