ഓട്ടവ മേഖലയില്‍ ഭൂകമ്പ മുന്നറിയിപ്പ് സെന്‍സറുകള്‍ സ്ഥാപിച്ചു തുടങ്ങി 

By: 600002 On: May 9, 2022, 12:02 PM

കാനഡയുടെ തലസ്ഥാന മേഖലയായ ഓട്ടവയില്‍ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിച്ചു തുടങ്ങി. നാച്ചുറല്‍ റിസോഴ്‌സ് കാനഡ കഴിഞ്ഞയാഴ്ച മുതല്‍ പലയിടങ്ങളിലായി എര്‍ത്ത്ക്വക്ക് ഏര്‍ളി വാണിംഗ് നെറ്റ്‌വര്‍ക്ക് സംവിധാനത്തിന്റെ ഭാഗമായുള്ള സെന്‍സറുകള്‍ സ്ഥാപിച്ചു. ഭൂകമ്പം ഉണ്ടാകുമ്പോള്‍ ശക്തമായ കുലുക്കം ആരംഭിക്കുന്നതിനു മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ അറിയിപ്പ് നല്‍കുക എന്ന സൗകര്യത്തോടെയാണ് ഈ സെന്‍സര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് മുതല്‍ പത്ത് സെക്കന്‍ഡുകള്‍ ഭൂമികുലുക്ക മുന്നറിയിപ്പുകള്‍ ഈ സംവിധാനം വഴി ജനങ്ങള്‍ക്ക് ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. 

കിഴക്കന്‍ ഒന്റാരിയോ ഉള്‍പ്പെടെ കാനഡയിലുടനീളമുള്ള ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ 400 ഓളം സെന്‍സറുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഈ സ്റ്റേഷനുകളുടെ ശൃംഖല ഭൂകമ്പ മുന്നറിയിപ്പ് വിവരങ്ങള്‍ വേഗത്തില്‍ ഡിജിറ്റൈസ് ചെയ്യുകയും ഡാറ്റാ സെന്ററുകളളിലേക്ക് അയക്കുകയും ചെയ്യും. ഭൂകമ്പത്തിന്റെ സ്ഥാനവും വ്യാപ്തിയും കണക്കാക്കുകയും അത് കുലുക്കത്തിന്റെ ഒരു പരിധി വരെ എത്തിയാല്‍ സെല്‍ഫോണുകളിലേക്കും ടിവി, റേഡിയോ എന്നിവയിലേക്കും  അലേര്‍ട്ടുകള്‍ അയയ്ക്കുകയും ചെയ്യും. 

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് എത്ര അകലേയ്ക്ക് പോകുന്നുവോ അത്രയും  കൂടുതല്‍ മുന്നറിയിപ്പ് സമയം ലഭിക്കുമെന്ന് നാച്വറല്‍ റിസോഴ്‌സ് കാനഡ പറയുന്നു. 

പടിഞ്ഞാറന്‍ ക്യുബെക്ക് ഭൂകമ്പ മേഖലയുടെ ഭാഗമാണ് ഓട്ടവ. ഈ പ്രദേശത്ത് പ്രതിവര്‍ഷം 120 ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പത്തോ അതിലധികമോ മാത്രമാണ് ആളുകള്‍ക്ക് അനുഭവപ്പെടുന്നൂള്ളൂവെന്ന് ഗവേഷകര്‍ പറയുന്നു. ഒട്ടാവ-ഗാറ്റിനോ മേഖലയില്‍ ഇതുവരെ ഏഴ് സീസ്മിക് സെന്‍സറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 20 സെന്‍സറുകള്‍ കൂടി സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്.