ഉക്രെയ്‌നിലേക്ക് അപ്രതീക്ഷിത യാത്ര നടത്തി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

By: 600007 On: May 8, 2022, 8:32 PM

റഷ്യൻ അധിനിവേശത്തിനിടയിൽ ഞായറാഴ്ച ഉക്രെയ്‌നിലേക്ക് ഒരു അപ്രതീക്ഷിത യാത്ര നടത്തി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഉക്രെയ്‌നിലെ ജനങ്ങൾക്ക് കാനഡയുടെ കൂടുതൽ പിന്തുണ അറിയിക്കുന്നതിനായി ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഡ്രോൺ ക്യാമറകൾ, ഉപഗ്രഹ ചിത്രങ്ങൾ, ചെറു ആയുധങ്ങൾ,കുഴിബോംബ് നീക്കം ചെയ്യുന്നതിനുള്ള ധനസഹായം എന്നിവയുടെ രൂപത്തിൽ കാനഡ ഉക്രെയ്‌നിന് കൂടുതൽ സൈനിക സഹായം നൽകുമെന്ന് സെലെൻസ്‌കിയുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ട്രൂഡോ പറഞ്ഞു. അതോടൊപ്പം തന്നെ 40 റഷ്യൻ വ്യക്തികൾക്കും അഞ്ച് സ്ഥാപനങ്ങൾക്കും എതിരെ കൂടുതൽ ഉപരോധങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.  

ഹീനമായ യുദ്ധത്തിന് ഉത്തരവാദി വ്‌ളാഡിമിർ പുടിനാണെന്ന് വ്യക്തമാണെന്നും റഷ്യ കൊല്ലുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന ഉക്രൈൻ  ആളുകൾജനതയ്ക്ക് നീതി ലഭിക്കുവാൻ കാനഡ യുക്രെയ്നെ പിന്തുണയ്ക്കുമെന്നും ട്രൂഡോ ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉക്രെയ്‌നിലെ ഭക്ഷ്യസുരക്ഷയ്‌ക്കായി ലോക ഭക്ഷ്യ പദ്ധതിക്ക് കാനഡ 25 മില്യൺ ഡോളർ നൽകുമെന്നും കാനഡയിലേക്കുള്ള എല്ലാ ഉക്രേനിയൻ ഇറക്കുമതികൾക്കുള്ള വ്യാപാര താരിഫ് നീക്കം ചെയ്യുകയും ചെയ്യുമെന്നും ട്രൂഡോ പ്രഖ്യാപിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന ഉക്രെയ്നിലെ സംഘടനകൾക്ക് പുതിയ ധനസഹായവും നൽകുമെന്നും ട്രൂഡോ അറിയിച്ചു. 

ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് സംസാരിക്കാൻ ജി 7 നേതാക്കളുമായി വെർച്വൽ മീറ്റിംഗുകളിലും പ്രധാനമന്ത്രി പങ്കെടുത്തു. കാനഡ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, വിദേശകാര്യ മന്ത്രി മെലാനി ജോളി എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ഞായറാഴ്ച രാവിലെ ഉക്രെയ്നിലെത്തിയത്. റഷ്യൻ സൈന്യത്തിന്റെ രൂക്ഷമായ ബോംബാക്രമണം മൂലം നാശനഷ്ടമുണ്ടായ കീവിലെ പ്രദേശശങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു.