കാനഡ ഇമിഗ്രേഷൻ അപേക്ഷകളുടെ ബാക്ക് ലോഗ് 2 മില്ല്യണിനു മുകളിൽ

By: 600007 On: May 8, 2022, 7:57 AM

ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായ കാനഡ ഇമിഗ്രേഷൻ അപേക്ഷകളുടെ ബാക്ക് ലോഗ് 2 മില്ല്യണിനു മുകളിൽ എന്ന് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം,  മാർച്ചിൽ 1.8 മില്യൺ ദശലക്ഷമായിരുന്ന ബാക്ക് ലോഗുകൾ ഏപ്രിലായപ്പോഴേക്കും 2 ദശലക്ഷത്തിലധികം കടന്നു. 

പാൻഡെമിക് മൂലം ഐആർസിസി നിരവധി ഓഫീസുകൾ അടയ്ക്കുകയും, ഇന്റർവ്യൂ, പൗരത്വ ചടങ്ങുകൾ, മറ്റ് അപ്പോയിന്റ്‌മെന്റുകൾ എന്നിവ റദ്ദാക്കുകയും ചെയ്തത് മൂലം നിരവധി ഇമിഗ്രേഷൻ അപേക്ഷകളാണ് തീർപ്പാകാതെ കിടന്നിരുന്നത്. 2021-ൽ ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ, 2021 സെപ്റ്റംബറിൽ അഫ്ഗാൻ ഗവൺമെന്റിനെ താലിബാൻ ഏറ്റെടുത്തതിനെത്തുടർന്ന്,  അഫ്ഗാൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാൻ ഏർപ്പെടുത്തിയ പ്രത്യേക പരിപാടികൾ, റഷ്യൻ അധിനിവേശത്തിൽ നിന്ന് പലായനം ചെയ്യുന്ന ഉക്രേനിയൻക്കാരെ താൽക്കാലിക റസിഡന്റ് വിസയിൽ കാനഡയിൽ എത്തിക്കാനുള്ള പദ്ധതി എന്നിവയെല്ലാം ബാക്ക് ലോഗുകൾ കൂടുവാനുള്ള കാരണങ്ങളായി വിദഗ്ദ്ധർ ചൂണ്ടികാട്ടൂന്നു. 2021 സെപ്തംബർ മുതൽ കനേഡിയൻ എക്സ്പീരിയൻസ്ഡ് ക്ലാസ് പ്രോഗാം(CEC) താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ 2022 ജൂലൈ മുതൽ സിഇസി പ്രോഗ്രാം, ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം (എഫ്‌എസ്‌ഡബ്ല്യുപി) ഇൻവിറ്റേഷൻ, എന്നിവ പുനരാരംഭിക്കാനാണ് ഐആർസിസി ലക്ഷ്യമിടുന്നത്.  

അപേക്ഷകൾക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുക, പ്രോസസ്സിംങിനായി കൂടുതൽ സ്റ്റാഫിനെ നിയമിക്കുക, അപേക്ഷകൾ ഡിജിറ്റൈസ് ചെയ്യുക, ലോകമെമ്പാടുമുള്ള ഐആർസിസി ഓഫീസുകളിൽ ജോലികൾ വീണ്ടും പുനരാരംഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി 85 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് ആണ് ഈ വർഷം ഐആർസിസി അനുവദിച്ചിട്ടുട്ടുള്ളത്. 2022 അവസാനത്തോടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്കാകുമെന്നുള്ള പ്രതീക്ഷിയിലാണ് ഐആർസിസി.