ഉമാ സജി എഴുതിയ കവിത - ചെമ്പക മൊട്ടുകൾ

By: 600089 On: May 8, 2022, 1:06 AM

ഉമാ സജി എഴുതിയ കവിത - ചെമ്പക മൊട്ടുകൾ

ഒരു പുലർകാല സ്വപ്നമായ് നീ

എന്റെ ചെമ്പക ചോട്ടിലണഞ്ഞു

പൊൻനിറമാർന്നൊരീ ചെമ്പകമൊട്ടുകൾ

പോൽ ഹൃദയം നിന്നിലലിഞ്ഞൂ

 

മഞ്ഞിന്റെ തൂവൽക്കുടങ്ങൾ ചിതറി

എന്നോർമ്മകൾ കുളിരണിഞ്ഞൂ

എന്നോ മറന്നൊരാ ഈണങ്ങളൊക്കെയും

എന്റെ മൺവീയിൽ വീണ്ടുമെത്തി

 

ദൂരെ വിണ്ണിൽ കൊളുത്തിയ ദീപം

പച്ചിലച്ചാർത്തിന്നിടയിൽ ചിന്നിച്ചിതറി

ഭൂമിയിലെത്തിയ നേരം മധുരമായ് പാടി

ഭൂപാള രാഗം പറവകൾക്കൊപ്പം ഞാനും

 

സാന്ദ്രമാമൊരീണം പാടി കണ്ണന്റെ 

ചുണ്ടിൽ ചേർന്നൊരാ ഓടക്കുഴൽ വീണ്ടും

കാറ്റിൽ ആലോലമാടി അരയാലിലകൾ

ഒപ്പം കണ്ണനായ് രാധതൻ പാദങ്ങളും