ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് 30 മിനിറ്റ് ഉറങ്ങാന്‍ അനുമതി നല്‍കി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി 

By: 600002 On: May 7, 2022, 12:29 PM

 

ജോലിക്കിടെ കഠിനമായ ക്ഷീണം തോന്നുമ്പോള്‍ കുറച്ചൊന്ന് ഉറങ്ങിയാല്‍ കൊള്ളാമെന്ന തോന്നല്‍ എല്ലാ ജീവനക്കാര്‍ക്കും ഉണ്ടാകും. എന്നാല്‍ ഒരിക്കലും സാധിക്കാത്ത ഒരാഗ്രഹമാണത് എന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോഴിതാ ഉച്ചയുറക്കത്തിന് കമ്പനി തന്നെ ജീവനക്കാര്‍ക്ക് സമയം അനുവദിച്ചിരിക്കുകയാണ്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വേക്ക്ഫിറ്റ് സൊല്യൂഷന്‍ എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

എല്ലാദിവസവും അരമണിക്കൂര്‍ 'ഔദ്യോഗിക ഉറക്ക സമയം' ഉണ്ട്. സ്ലീപ് സൊല്യൂഷന്‍ ബ്രാന്‍ഡ് എന്ന നിലയില്‍ കമ്പനിയുടെ നയത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പ്രഖ്യാപനം.

അടുത്തിടെ 'വേക്ക്ഫിറ്റ്' സഹസ്ഥാപകന്‍ ചൈതന്യ രാമലിംഗഗൗഡ, ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ 2.30 വരെ ഉറങ്ങാമെന്ന പ്രഖ്യാപനം നടത്തിയത്. 26 മിനിറ്റ് ഉറങ്ങുന്നത് പ്രവര്‍ത്തനക്ഷമതയുടെ 33 ശതമാനം വര്‍ധിപ്പിക്കുമെന്ന നാസയുടെ പഠനവും അദ്ദേഹം പങ്കുവെച്ചു.