ഏകദേശം 95,000 ഉപഭോക്താക്കളുടെ സ്വകാര്യതാ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വിവരം കാനഡയുടെ സ്വകാര്യതാ നിരീക്ഷണ കേന്ദ്രത്തെ അറിയിച്ചതായി ഫര്‍ണിച്ചര്‍ റീട്ടെയ്‌ലര്‍ കമ്പനി ഐകിയ അറിയിച്ചു. ഡാറ്റാ ലംഘനം നടന്നതായി കമ്പനി വ്യക്തമാക്കി.
ഐകിയ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഉപഭോക്തൃ ഡാറ്റാ ബേസ് ഉപയോഗിച്ച് മാര്‍ച്ച് 1 നും 3 നും ഇടയില്‍ ഐകിയ കാനഡയിലെ ഒരു ജീവനക്കാരന്‍ നടത്തിയ ജനറിക് സെര്‍ച്ച് ഫലങ്ങളില്‍ ഉപഭോക്താക്കളുടെ ചില സ്വകാര്യ വിവരങ്ങള്‍ ലഭിച്ചു. സാമ്പത്തിക, ബാങ്കിംഗ് വിവരങ്ങള്‍ ഈ ഡാറ്റയില്‍ ഉണ്ടായിരുന്നില്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
ഐകിയയില്‍ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കൂടാതെ ഈ സംഭവത്തെ കുറിച്ച് തങ്ങള്‍ കാനഡയിലെ സ്വകാര്യതാ കമ്മീഷണറുടെ ഓഫീസിനെയും ബാധകമായ ഉപഭോക്താക്കളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഭാവിയില്‍ ഇത്തരം ഡാറ്റാ ലംഘനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും അവ അവലോകനം ചെയ്ത് അപ്‌ഡേറ്റ് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
ഉപഭോക്താക്കളുടെ പേരുകള്‍, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പറുകള്‍, തപാല്‍ കോഡുകള്‍ എന്നിവ ഡാറ്റയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഐകിയ കാനഡ ഉപഭോക്താക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.