ഒന്റാരിയോയില്‍ തീവ്രവാദ സംഘടനയെ സഹായിച്ചുവെന്ന് കുറ്റം ചുമത്തിയ പത്തൊമ്പതുകാരനെ കോടതിയില്‍ ഹാജരാക്കിയതായി പോലീസ്  

By: 600002 On: May 7, 2022, 11:22 AM

 

 


ഒന്റാരിയോയിലെ വിന്‍ഡ്‌സറില്‍ താമസിക്കുന്ന യുവാവിനെ തീവ്രവാദ ഗ്രൂപ്പിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തില്‍ കോടതിയില്‍ ഹാജരാക്കിയതായി ആര്‍സിഎംപിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സേത് ബെര്‍ട്രാന്‍ഡെന്ന യുവാവിനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇയാള്‍ ഒരു തീവ്രവാദ ഗ്രൂപ്പിന് സഹായം നല്‍കിയെന്നാണ് കേസ്. 

2021 ഫെബ്രുവരി 12 നും മെയ് 20 നും ഇടയില്‍ വിദ്വേഷജനകമായ വിവിധ കുറ്റകൃത്യങ്ങള്‍ വിന്‍സ്ഡര്‍ ഏരിയയില്‍ ഒരു വ്യക്തി നടത്തിയതായി പരാതികള്‍ ലഭിച്ചിരുന്നതായി ആര്‍സിഎംപി ചൂണ്ടിക്കാട്ടി. ആര്‍സിഎംപി ഇന്റഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി എന്‍ഫോഴ്സ്മെന്റ് ടീം (ഇന്‍സെറ്റ്) നടത്തിയ അന്വേഷണത്തിന്റെ ഫലമായി, ഒരു ലിസ്റ്റ് ചെയ്യപ്പെട്ട തീവ്രവാദ സംഘടനയായ ആറ്റംവാഫെന്‍ ഡിവിഷനില്‍( നാഷണല്‍ സോഷ്യലിസ്റ്റ് ഓര്‍ഡര്‍ എന്നും അറിയപ്പെടുന്നു) ചേരാന്‍ ഒരാള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതായി കണ്ടെത്തി. തീവ്രവാദ സ്ഥാപനത്തിനു വേണ്ടി തന്റെ കഴിവുകള്‍ ഉപയോഗിക്കാമെന്നും സഹായം നല്‍കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബെര്‍ട്രാന്‍ഡിനെ അറസ്റ്റ് ചെയ്തു. 

ഒരു തീവ്രവാദ ഗ്രൂപ്പിനു വേണ്ടി അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടോ അല്ലാതെയോ പങ്കെടുത്തുവെന്നതാണ് ബെര്‍ട്രാന്‍ഡിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മുമ്പ് മൂന്ന് തവണ WE ട്രാന്‍സ് സപ്പോര്‍ട്ട് കമ്യൂണിറ്റി സെന്റര്‍ നശിപ്പിച്ചതിന് ബെര്‍ട്രാന്‍ഡിനെതിരെ പോലീസ് കേസെടുത്തിരുന്നു. വാക്കര്‍വില്ലെ പരിസരത്ത് നടന്ന വിധ്വസംകപ്രവര്‍ത്തനങ്ങളുടെ പരമ്പരയെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

അതേസമയം, ഇയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ കോടതിയില്‍ ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന. മുന്‍ ചാര്‍ജുകളിലും ഉള്‍പ്പെടുത്തിയിട്ടുള്ള ആരോപണങ്ങള്‍ കോടതിയില്‍ ഇനിയും പരിശോധിക്കാനുണ്ട്. പുതിയ കേസുകളുമായി ബന്ധപ്പെട്ട് ബെര്‍ട്രാന്‍ഡ് മറ്റൊരു കോടതിയില്‍ കൂടി ഹാജരാകേണ്ടതുണ്ട്. കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം.