ലോക ജൂനിയര്‍ ഐസ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് 2023 ന് ആഥിതേയത്വം വഹിക്കാന്‍ ന്യൂ ബ്രണ്‍സ്വിക്കും നോവ സ്‌കോഷ്യയും തെരഞ്ഞെടുക്കപ്പെട്ടു. 2022 ഡിസംബര്‍ 26 മുതല്‍ 2023 ജനുവരി 5 വരെ ഹാലിഫാക്‌സിലെ സ്‌കോഷ്യബാങ്ക് സെന്ററിലും മോങ്ടണിലെ അവെനീര്‍ സെന്ററിലുമാണ് അന്താരാഷ്ട്ര ടൂര്‍ണമെന്റ് നടക്കുന്നത്.
ഹോക്കി ചാമ്പ്യന്‍ഷിപ്പിന് ആഥിതേയത്വം വഹിക്കാന്‍ തങ്ങള്‍ തയാറാണെന്നും മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളെയും കുടുംബങ്ങളെയും ആരാധകരെയും കളികാണാനെത്തുന്നവരെയും നോവസ്‌കോഷ്യയിലേക്ക് സ്വാഗതം ചെയ്യാന്‍ തയാറെടുപ്പുകള്‍ നടത്തുമെന്നും നോവ സ്‌കോഷ്യ പ്രീമിയര്‍ ടിം ഹൂസ്റ്റണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതൊരു അവിസ്മരണീയ അനുഭവമായിരിക്കും ബ്രണ്‍സ്വിക്കിലെ ജനങ്ങള്‍ക്കും മത്സരം വീക്ഷിക്കാനെത്തുന്നവര്‍ക്കും നല്‍കുക എന്ന് ന്യൂബ്രണ്‍സ്വിക്ക് പ്രീമിയര്‍ ബ്ലെയ്ന്‍ ഹിഗ്‌സ് പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി നോവസ്‌കോഷ്യയും ന്യൂ ബ്രണ്‍സ്വിക്കും സംയുക്തമായി 5 മില്യണ്‍ ഡോളറാണ് ലേലത്തുക ഉറപ്പിച്ചത്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഈ മേഖല നേരത്തെ തയാറായതിനാലാണ് ബിഡ് നേടിയതെന്ന് ഹോക്കി കാനഡ പ്രസിഡന്റും സിഇയുമായ സ്‌കോട്ട് സ്മിത്ത് പറഞ്ഞു. അതേസമയം, സ്‌കോഷ്യബാങ്ക്, അവെനീര്‍ എന്നിവടങ്ങളിലായി മത്സരങ്ങള്‍ എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമല്ല.
2023 ലെ ടൂര്‍ണമെന്റ് ആദ്യം റഷ്യയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ഐസ് ഹോക്കി ഫെഡറേഷന്‍ രാജ്യത്തിന്റെ ഹോസ്റ്റിംഗ് അവകാശം നീക്കം ചെയ്യുകയായിരുന്നു.