കോവിഡ് കാലത്ത് കാനഡയിലുള്ളവരുടെ യാത്രകളും നീക്കങ്ങളും മൊബൈല്‍ഫോണുകള്‍ വഴി ട്രാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് 

By: 600002 On: May 6, 2022, 10:32 AM


കോവിഡ്-19 ആരംഭിച്ചത് മുതല്‍ കാനഡയിലുള്ളവരുടെ ഓരോ സഞ്ചാരങ്ങളും അവരുടെ അറിവില്ലാതെ മൊബൈല്‍ഫോണുകള്‍ വഴി സൂക്ഷ്മമായി നിരീക്ഷിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്ററി കമ്മിറ്റിക്ക് അയച്ച റിപ്പോര്‍ട്ടിലാണ് കാനഡയിലുള്ള ജനങ്ങള്‍ മദ്യശാലകളിലേക്കും ഫാര്‍മസികളിലേക്കും പോയതുള്‍പ്പെടെയുള്ള യാത്രാ വിവരങ്ങള്‍ ശേഖരിച്ചതായി വ്യക്തമാക്കുന്നത്. 

പാന്‍ഡമിക് സമയത്ത് യാത്രാരീതികള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതിന് കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിക്ക് വേണ്ടി ഔട്ട്‌ബ്രേക്ക് ഇന്റലിജന്‍സ് അനലിസ്റ്റായ ബ്ലൂഡോട്ടാണ് വിവരശേഖരണം നടത്തിയത്.  പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ മൊബൈല്‍ ഫോണ്‍ ഡാറ്റയുടെ ശേഖരണത്തെയും ഉപയോഗത്തെയും കുറിച്ച് അന്വേഷിക്കുന്ന ഫെഡറല്‍ ഗവണ്‍മെന്റ് ഹൗസ് ഓഫ് കോമണ്‍സ് എത്തിക്സ് കമ്മിറ്റിക്ക് ഈ റിപ്പോര്‍ട്ടുകളിലൊന്ന് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

രാജ്യത്തിനകത്തുള്ള ആളുകളുടെ യാത്രകള്‍, സന്ദര്‍ശനങ്ങള്‍, ഒത്തുചേരലുകള്‍, വീടുകളില്‍ ചെലവഴിച്ച സമയം, മറ്റ് നഗരങ്ങളിലേക്കും പ്രവിശ്യകളിലേക്കുമുള്ള സഞ്ചാരങ്ങള്‍, കടകളിലേക്കും മറ്റും പോയതിന്റെ വിവരങ്ങള്‍ തുടങ്ങി ഓരോരുത്തരുടെയും വിശദമായ വിവരങ്ങള്‍ ഏജന്‍സിക്ക് ലഭിച്ചതായി എത്തിക്‌സ് കമ്മിറ്റിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. 

പാന്‍ഡെമിക് സമയത്ത് ഏജന്‍സിയുടെ ഫോണ്‍ ഡാറ്റ ശേഖരണത്തെക്കുറിച്ചുള്ള മൊത്തത്തിലുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കമ്മിറ്റി ബുധനാഴ്ച പുറത്തിറക്കി. കനേഡിയന്മാരോട് സര്‍ക്കാര്‍ വ്യക്തികളുടെ വിവരശേഖരണം നടത്തിയിട്ടുണ്ടെന്ന് പറയണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. വ്യക്തികളുടെ അവകാശത്തെ ഇത് ഹനിച്ചുവെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലായിരുന്നു കമ്മിറ്റിയുടെ നിര്‍ദ്ദേശം. 

പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഇതിന് മറുപടിയായി പറഞ്ഞത് കനേഡിയന്മാരുടെ സ്വകാര്യത സംരക്ഷണം വളരെ ഗൗരവമായി കാണുന്ന ഒന്നാണെന്നാണ്. മാത്രവുമല്ല, വിവരശേഖരണം നടത്തിയതില്‍ നിന്ന് വിശകലനം ചെയ്തത് പ്രത്യേക സ്ഥലത്തേക്കുള്ള വ്യക്തികളുടെ യാത്രകളെ പിന്തുടരുന്നതിനെക്കുറിച്ചല്ല, മറിച്ച് നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടോ അതോ കുറഞ്ഞോ എന്നാണെന്നും പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.