ഒന്റാരിയോയിലെ ചില ഗ്യാസ് സ്റ്റേഷനുകളില്‍ 'ഗ്യാസ് ആന്‍ഡ് ഡാഷ് തെഫ്റ്റ്' വര്‍ധിക്കുന്നു 

By: 600002 On: May 6, 2022, 10:02 AM


ഒന്റാരിയോയില്‍ ഗ്യാസ് വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഗ്യാസ് ആന്‍ഡ് ഡാഷ് തെഫ്റ്റ് വര്‍ധിക്കുന്നതായി ഗ്യാസ് സ്റ്റേഷന്‍ ഉടമകള്‍. ഇന്ധനം നിറയ്ക്കാന്‍ പമ്പുകളില്‍ എത്തുകയും ഇന്ധനം നിറച്ചതിനു ശേഷം പണം നല്‍കാതെ വാഹനവുമായി കടന്നുകളയുന്നതിനെയാണ് ഗ്യാസ്-ആന്‍ഡ്-ഡാഷ് തെഫ്റ്റ് എന്ന് പറയുന്നത്. 

കാലിഡണിലെ ഒരു സ്റ്റേഷനിലെ ഉടമ മാധ്യമങ്ങളോട് പറയുന്നത് രണ്ട് മാസത്തിലൊരിക്കല്‍ ഇത്തരം മോഷണം അവിടെ നടക്കുന്നുണ്ടെന്നാണ്. ഫെബ്രുവരിയിലും മാര്‍ച്ചിലും ഇന്ധന വില കുതിച്ചുയര്‍ന്നപ്പോള്‍ അഞ്ചോളം മോഷണങ്ങളാണ് നടന്നതെന്നും അദ്ദേഹം പറയുന്നു. മാര്‍ച്ച് മാസത്തില്‍ നടന്ന ഇന്ധന മോഷണത്തിന്റെ സിസിടിവി വീഡിയോ അദ്ദേഹം പങ്കുവെച്ചു. ഇത്തരം മോഷണം സ്ഥിരം സംഭവമായപ്പോള്‍ പണം നല്‍കുന്ന രീതി മാറ്റി. ഇപ്പോള്‍, സ്ഥിരം ഉപഭോക്താവ് അല്ല പമ്പില്‍ വരുന്നതെങ്കില്‍ അയാള്‍ പമ്പിനകത്തക്കേ് വന്ന് മുന്‍കൂറായി പണമടച്ചതിനു ശേഷം മാത്രം ഇന്ധനം നിറച്ചുകൊടുക്കും. 

അതേസമയം, ഉപഭോക്താക്കളില്‍ നിന്ന് പ്രീ-പേയ്‌മെന്റ് ആവശ്യപ്പെടുന്നതിനാല്‍ ബിസിനസ് കുറയുന്നുവെന്ന് ഉടമകള്‍ പറയുന്നു. വിപണി മത്സരാധിഷ്ഠിതമാണ്. ഉപഭോക്താക്കള്‍ സൗകര്യമാണ് പ്രധാനമായും നോക്കുക. എന്നാല്‍ മോഷണങ്ങളും ഇവിടെ നടക്കുന്നുവെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. 

ബീസിയിലേതു പോലെ ഒന്റാരിയോയില്‍ പ്രീ-പേയ്‌മെന്റ് നിര്‍ബന്ധമാക്കണമെന്നാണ് വിവിധ ഗ്രൂപ്പുകളുടെയും ആവശ്യം.  തങ്ങള്‍ നേരിടുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായി പ്രീമിയറിന് കത്തെഴുതിയതായി ഗ്യാസ് സ്റ്റേഷന്‍ ഉടമകള്‍ അറിയിച്ചു.