ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ കേരള സര്‍ക്കാരിന്റെ 'ശൈലി ആപ്പ്'

By: 600002 On: May 6, 2022, 7:36 AM

 

കേരള ആരോഗ്യ വകുപ്പ് ശൈലി ആപ്പ് എന്നപേരില്‍ ആന്‍ഡ്രോയ്ഡ് ആപ്പ് പുറത്തിറക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് ആപ്പ് ഉപയോഗിക്കുന്നത്. ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, മറ്റ് ജീവിതശൈലി സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് ആപ്പില്‍ ലഭ്യമാകുക.

നവകേരള കര്‍മ പദ്ധതിക്ക് കീഴില്‍ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജനസംഖ്യ അടിസ്ഥാനത്തിലുള്ള സ്‌ക്രീനിങ് പ്രൊജക്റ്റിന്റെ ഭാഗമായാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്. പ്രൊജക്റ്റിന്റെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ അതത് പ്രദേശങ്ങളിലെ 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.

ആശാ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കും. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ ആരോഗ്യനില സ്‌കോര്‍ ചെയ്യും. നാലിന് മുകളില്‍ സ്‌കോര്‍ ഉള്ളവരോട് ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയ്ക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടും.