കാനഡയിലുടനീളം പക്ഷിപ്പനി വ്യാപിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബീസിയില്‍ പക്ഷികള്‍ക്കായി ഒരുക്കുന്ന തീറ്റയും(feeders) കുടിക്കാനായി വെക്കുന്ന വെള്ളവും താല്‍ക്കാലികമായി നീക്കം ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ആനിമല്‍ വെല്‍ഫയര്‍ ഏജന്‍സി എസ്പിസിഎ. ബീസിയിലും നിരവധി പക്ഷിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ് വന്നിരിക്കുന്നത്.
പക്ഷികളില്‍ ഗുരുതരമായ രോഗത്തിനോ മരണത്തിനോ കാരണമാകുന്ന വൈറസ് സംബന്ധിച്ചും അതിവേഗം പടരുന്നതിനെക്കുറിച്ചും ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വളര്‍ത്തുപക്ഷികളേക്കാള്‍ കാട്ടുപക്ഷികളാണ് പക്ഷിപ്പനി പരത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇവയെ അകറ്റി നിര്‍ത്തുക എന്നതാണ് തീറ്റയും വെള്ളവും നീക്കം ചെയ്യുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. കഴുകന്‍, പരുന്ത്, മൂങ്ങ എന്നിവയ്ക്ക് ഏറ്റവും വലിയ അപകടസാധ്യതയാണ് പക്ഷിപ്പനി കൊണ്ടുണ്ടാവുകയെന്നും ഏജന്‍സി വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് ഏജന്‍സി നോട്ടീസ് പുറത്തിറക്കി.
തീറ്റയും വെള്ളയും കൊടുത്ത് പക്ഷികളെ ആകര്‍ഷിക്കുന്നതിനൊപ്പം എലികള്‍ പോലുള്ള മറ്റ് ജീവികളും വരും. ഇത് വൈറസ് പെട്ടെന്ന് പടരാനുള്ള കാരണമായി തീരുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വീട്ടില്‍ വളര്‍ത്തുന്ന കോഴികള്‍, ടര്‍ക്കികള്‍, പ്രാവുകള്‍ തുടങ്ങി മറ്റ് വളര്‍ത്തുപക്ഷികള്‍ക്കും ഇത് ദോഷകരമാണ്.
ബീസിയില്‍ അടുത്തിടെ റിച്ച്മൗണ്ടിലും കെലോനയിലുമടക്കം നിരവധി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ദേശാടനപക്ഷികളിലും മറ്റ് കാട്ടുപക്ഷികളിലും പക്ഷിപ്പനി വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.