ക്യുബെക്കില്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നാലാം ഡോസിനായി ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം 

By: 600002 On: May 6, 2022, 6:34 AM

 

ക്യുബെക്കില്‍ മുതിര്‍ന്ന എല്ലാവര്‍ക്കും കോവിഡ്-19 വാക്‌സിന്‍ നാലാം ഡോസിനുള്ള അപ്പോയിമെന്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. ബുധനാഴ്ചയാണ് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സര്‍വീസസ് പ്രഖ്യാപനം ട്വീറ്റ് ചെയ്തത്. 60 വയസ്സില്‍ താഴെയുള്ള  ആളുകള്‍ക്ക് നാലാം ഡോസ് ഒദ്യോഗികമായി ശുപാര്‍ശ ചെയ്തിട്ടില്ലെങ്കിലും ഇപ്പോള്‍ മുതല്‍ അവര്‍ക്കും നാലാം ഡോസിനായി ബുക്ക് ചെയ്യാം. 

നേരത്തെ, 60 വയസിനു മുകളിലുള്ളവര്‍ക്ക് വാക്ക്-ഇന്‍ ക്ലിനിക്കില്‍ മാത്രമാണ് നാലാം ഡോസ് ലഭ്യമായിരുന്നുള്ളൂ. ഇപ്പോള്‍, 18 നും 59 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് clicSante യുടെ https://portal3.clicsante.ca/ എന്ന വെബ്‌സൈറ്റ് വഴി നാലാം ഡോസിനായി ബുക്ക് ചെയ്യാവുന്നതാണ്. 

മൂന്നാമത്തെ ഡോസിനു ശേഷം മൂന്ന് മാസം കഴിഞ്ഞവരാണ് നാലാം ഡോസിന് അപേക്ഷിക്കേണ്ടവര്‍. രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നതിനാല്‍ വാക്‌സിനേഷന് എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാകും എന്ന സിഐക്യുവിന്റെ നിര്‍ദേശത്തോട് ആരോഗ്യ വിദഗ്ധരും യോജിച്ചിട്ടുണ്ട്. അതിനാലാണ് നാലാം ഡോസ് ഔദ്യോഗികമായി ശുപാര്‍ശ ചെയ്യാത്തത്.