പി പി ചെറിയാൻ, ഡാളസ്.
ഡാളസ് : കഴിഞ്ഞ വെള്ളിയാഴ്ച ഡാളസിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ കൗമാരക്കാരായ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്നു സംശയിക്കുന്ന ഡ്രൈവറെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു.
വെള്ളിയാഴ്ച രാത്രി ടാക്കൊ വാങ്ങുന്നതിന് സഹോദരങ്ങൾ ഉൾപ്പെടെ അഞ്ചുപേർ ആണ് കാറിൽ പോയതും പെട്ടെന്നു ദിശതെറ്റി എതിരെ വന്ന 2009 ജിഎംസി പിക്കപ്പ് ട്രക്ക് ഇവരുടെ കാറിൽ വന്നിടിക്കുകയായിരുന്നു. എസ്പറാൻസ് റോഡിൽ 13,900 ബ്ലോക്കിലായിരുന്നു സംഭവം. കാറോടിച്ചിരുന്ന ക്രിസ്റ്റൽ (16), സഹോദരൻ ആൻഡ്രിസ് (15) എന്നിവരാണു കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ് പിൻസീറ്റിലുണ്ടായിരുന്ന മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
പിക്കപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പൊലിസ് തിരിച്ചറിഞ്ഞു. സംഭവത്തിനു ശേഷം ഇയാൾ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലിസ് ഇയാളുടെ ചിത്രവും പേരും പൊതുജനങ്ങളുടെ അറിവിനായി പരസ്യപ്പെടുത്തി. ഫൗസ്റ്റിനൊ മെംമ്പ്രാനൊ റിവറാ എന്നാണു പേരെന്നു പൊലിസ് പറഞ്ഞു.
മരിച്ച രണ്ടു പേരും റിച്ചാർഡ്സണിലെ ജെ. ജെ. പിയേഴ്സ് ഹൈസ്കൂൾ വിദ്യാർഥികളാണ്. റവറെകുറിച്ചു വിവരം ലഭിക്കുന്നവർ ഡിറ്റക്ടീവ് കെന്നത്ത് വാട്ട്സനെ 214 671 0015 നമ്പറിൽ വിളിച്ചു ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.