മറഡോണയുടെ ദൈവത്തിന്റെ കൈ ജഴ്‌സി റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ പോയി; ലഭിച്ചത് 70 കോടി 90 ലക്ഷം രൂപ 

By: 600002 On: May 5, 2022, 12:08 PM

 
ഇതിഹാസ താരം ഡീഗോ മറഡോണയുടെ ദൈവത്തിന്റെ കൈ ജഴ്‌സിയ്ക്ക് ലേലത്തില്‍ ലഭിച്ചത് 70 കോടി 90 ലക്ഷം രൂപ. ലോക കായിക ചരിത്രത്തില്‍ തന്നെ ഒരു താരത്തിന്റെ ജഴ്‌സിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. അതേസമയം, ലേലത്തില്‍ വിറ്റ ജഴ്‌സി അല്ല ഗോളുകള്‍ നേടുമ്പോള്‍ മറഡോണ ധരിച്ചിരുന്നതെന്ന അവകാശവാദവുമായി മറഡോണയുടെ മകള്‍ രംഗത്തുവന്നു.

1986 ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ ധരിച്ചിരുന്ന ജഴ്‌സിയാണ് ലേലത്തില്‍ വച്ചത്. മത്സരത്തിനു ശേഷം മറഡോണ ഇംഗ്ലണ്ട് മധ്യനിര താരം സ്റ്റീവ് ഹോഡ്ജുമായി ജഴ്സി കൈമാറിയിരുന്നു. അതിനു ശേഷം ഹോഡ്ജ് ആണ് ജഴ്‌സി സൂക്ഷിച്ചിരുന്നത്. എന്നാല്‍, ഹോഡ്ജിന്റെ കൈയിലുള്ള ജഴ്‌സിയല്ല ഗോളുകള്‍ നേടുമ്പോള്‍ മറഡോണ ധരിച്ചിരുന്നതെന്ന് മകള്‍ അവകാശപ്പെട്ടു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ അണിഞ്ഞ ജേഴ്സിയാണ് മറഡോണ ഹോഡ്ജിന് കൈമാറിയത് എന്നാണ് മകളുടെ വാദം. അതേസമയം, രണ്ടാം പകുതിയിലായിരുന്നു മറഡോണ രണ്ട് ഗോളുകളും നേടിയത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ 51ആം മിനിട്ടിലാണ് 'ദൈവത്തിന്റെ കൈ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോള്‍ പിറന്നത്.